ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയുമല്ല രാജ്യത്ത് നടപ്പാക്കേണ്ടതെന്ന് ചൂണ്ടികാട്ടിയ കെ സി ആര്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു. ഗവര്‍ണറുടെ നയ പ്രസംഗത്തിനിടയില്‍ തെലങ്കാന നിയമസഭയിലായിരുന്നു റാവു നിലപാട് വ്യക്തമാക്കയത്.

പൗരത്വം തെളിയിക്കാനായി അച്ഛനപ്പൂപ്പന്‍മാരുടെ ജനനസര്‍ട്ടിഫിക്കേറ്റ് രാജ്യത്ത് കാണിക്കേണ്ടിവരുന്ന അവസ്ഥ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വിവരിച്ചു. ഇത്തരം നീക്കങ്ങള്‍ തെറ്റാണെന്നും റാവു അഭിപ്രായപ്പെട്ടു. തന്‍റെ കയ്യിലും ജനന സര്‍ട്ടിഫിക്കറ്റില്ലെന്ന് പറഞ്ഞ കെ സി ആര്‍ അതുകൊണ്ട് മരിക്കണമോയെന്നും കേന്ദ്രത്തോട് ചോദിച്ചു.

ആദ്യം മുതലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലപാടെടുത്തു സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന. ഈ നിയമസഭാ സമ്മേളനത്തില്‍ പ്രമേയം പാസാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാൻ തെലങ്കാന സർക്കാർ