ഗാന്ധി നഗര്‍: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ പരിഹാസവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണി. മല്ലിയും ഉലുവയും തമ്മിലുള്ള വ്യത്യാസം രാഹുല്‍ ഗാന്ധിക്ക് പറയാമോ? എന്നാണ് പരിഹാസം. വടക്കന്‍ ഗുജറാത്തിലെ മെഹ്സാനയില്‍ ഒരുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയ് റൂപാണി. നര്‍മ്മദ ജലവിതരണ പദ്ധതിയും മലിനജല പദ്ധതിയുടേയും ശിലാസ്ഥാപന ചടങ്ങിലായിരുന്ന വിജയ് റൂപാണിയുടെ രൂക്ഷപരിഹാസം.

രാജ്യത്തെ ജനങ്ങള്‍ അവരെ അവഗണിച്ചപ്പോള്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരുടെ പ്രതിഷേധത്തിന്‍റെ പേരില്‍ ആളുകളെ തെറ്റിധരിപ്പിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് സാധിക്കുമെങ്കില്‍ മല്ലിയും ഉലുവയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് പറയാമോ? ആളുകള്‍ അറിയട്ടെ താങ്കളുടെ അറിവ് എന്താണെന്ന്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന കാര്യങ്ങളാണ് നിലവിലെ നിയമമെന്നും റൂപാണി ഓര്‍മ്മിപ്പിച്ചു.

വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി. കാര്‍ഷിക സമരം മുതലാക്കുന്ന കോണ്‍ഗ്രസുകാര്‍ ജലം, വൈദ്യുതി, വളം, വിത്ത് എന്നിവ സംബന്ധിച്ച് ഇന്ന് വരെ എന്താണ് ചെയ്തിട്ടുള്ളത്. അവയെല്ലാം ചെയ്തത് ബിജെപി സര്‍ക്കാരാണ്. 18 ശതമാനത്തിലാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പണം നല്‍കിയിരുന്നത്. എന്നാല്‍ പലിശ രഹിതമായാണ് ബിജെപി ഇക്കാര്യം ചെയ്യുന്നതെന്നും റൂപാണി വിശദമാക്കി.