ദില്ലി: രാജ്യത്തെ കൊറോണയുടെ ജനിതക മാറ്റം പഠിക്കാന്‍ പത്ത് ലാബുകള്‍ സജ്ജീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. വിദേശത്ത് നിന്നെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കും. പോസിറ്റിവ് ആയവരുടെ സാമ്പിൾ ജനിതക മാറ്റം സംഭവിച്ചതാണോ എന്ന് പരിശോധിക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു. യുകെയിൽ നിന്ന് എത്തിയ ആറുപേരില്‍ ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്തിയിരുന്നു. നിരീക്ഷണം ശക്തമാക്കാനും യുകെയിൽ നിന്ന് വന്ന എല്ലാവരെയും പരിശോധിക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. 

അതിവേഗം രോഗം പടർത്തുന്ന വൈറസ് വകഭേദത്തിന്‍റെ റിപ്പോർട്ട് വന്നപ്പോൾ തന്നെ കേന്ദ്രം മുൻകരുതൽ നടപടി തുടങ്ങിയിരുന്നു. യുകെയിൽ നിന്നുള്ള വിമാനങ്ങൾ 31 വരെ വിലക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിൽ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയത് 33000 പേരാണ്. ഇവരുടെ എല്ലാം ആർടിപിസിആർ പരിശോധന നടത്താനാണ് കേന്ദ്ര നിർദ്ദേശം. ഇതുവരെ പരിശോധിച്ചവരിൽ 114 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആറു പേരിലാണ് വകഭേദം വന്ന വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ നിംഹാൻസിൽ മൂന്നും ഹൈദരാബാദ് സിസിഎംബിയിൽ രണ്ടും പൂനെ എൻഐവിയിൽ ഒരു കേസും സ്ഥിരീകരിച്ചു.