ശ്രീനഗർ: ജമ്മു കശ്മീരിൽ ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ദി റസിസ്റ്റൻസ് ഫ്രണ്ട് (TRF). ലക്ഷകർ ഇ തൊയിബയുമായി ബന്ധമുള്ള സംഘടനയാണിത്. യുവാക്കളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവർക്കും മുന്നറിയിപ്പുണ്ട്. കൊലപാതകത്തെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അപലപിച്ചു.

യുവമോർച്ചാ ജനറൽ സെക്രട്ടറി ഫിദാ ഹുസൈൻ യാത്തൂ, ഉമർ റാഷിദ് ബെയ്ഗ്, ഉമർ റംസാൻ ഹജാം എ്ന്നിവരെയാണ് ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരർ വെടിവെച്ച് കൊന്നത്. ഇന്നലെ രാത്രിയോടെ ഖ്വാസിഗുണ്ടിലിലെ ഇയ്ദ്ഗ് ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവം. ഓഫീസിൽ നിന്നും മൂന്നു പേരും കാറിൽ വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. 

ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആൾട്ടോ കാറിലാണ് ഭീകരർ പ്രദേശത്ത് എത്തിയതെന്നാണ് വിവരം. ആക്രമണം നടത്തിയ ശേഷം ഇതേ വാഹനത്തിൽ കടന്നു കളയുകയായിരുന്നു.