നേരത്തെ അറസ്റ്റിലായ സജ്ജാത് താന്ത്രെ ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ സുരക്ഷാസേനയോടൊപ്പം എത്തിയതായിരുന്നു.
ശ്രീനഗർ : ജമ്മുകശ്മീരിലെ അനന്തനാഗിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അനന്തനാഗിലെ ബിജ്ബേഹാരിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ലഷ്കർ ഇ തൊയ്ബ ഭീകരൻ സജ്ജാത് താന്ത്രെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ സൈന്യം ഒപ്പം കൊണ്ടുപോയ ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പൊലീസ് അറിയിച്ചു.
സുരക്ഷസേന തെരച്ചിലിനായി പ്രദേശത്ത് എത്തിയതിന് പിന്നാലെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ജമ്മുകശ്മീരിലെ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സജ്ജാത് പിടിയിലായത്. ഏറ്റുമുട്ടലിൽ വെടിയേറ്റ സജ്ജാതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അതേസമയം ഇന്നലെ ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റശ്രമം സൈന്യം തകർത്തു. നൗഷേര സെക്ടറിലാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു.
