കഴിഞ്ഞ മേയിലാണ് ബുദ്ഗാമിൽ റവന്യൂ വകുപ്പിലെ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ കശ്മീരി പണ്ഡിറ്റ് സമുദായാംഗങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.
ദില്ലി: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ബുധനാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലത്തീഫ് റാത്തർ ഉൾപ്പെടെ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ്. കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ട്, ടിക് ടോക് താരം അമ്രീൻ ഭട്ട് എന്നിവരുടെ കൊലപാതകത്തിൽ പങ്കുള്ള ഭീകരനാണ് ലത്തീഫ് റാത്തറെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ കണ്ടെടുത്തെന്നും അതേസമയം, തിരിച്ചറിയൽ രേഖകൾ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇവരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. കൊല്ലപ്പെട്ടത് കൊടും ഭീകരരാണെന്നും ഇവരെ വധിക്കാനായത് പൊലീസിന് വൻനേട്ടമാണെന്ന് കശ്മീർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് വിജയ് കുമാർ പറഞ്ഞു.
കഴിഞ്ഞ മേയിലാണ് ബുദ്ഗാമിൽ റവന്യൂ വകുപ്പിലെ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ കശ്മീരി പണ്ഡിറ്റ് സമുദായാംഗങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. രാഹുൽ ഭട്ടിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരെ നേരത്തെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുത്തി. കശ്മീരി ടിവി താരം അമ്രീൻ ഭട്ടിനെ മെയ് 26 ന് ബുദ്ഗാമിലെ ചദൂര മേഖലയിൽവെച്ചാണ് കൊലപ്പെടുത്തിയത്.
ഞായറാഴ്ച, ലഷ്‌കർ-ഇ-തൊയ്ബ ഭീകരനെ ഇന്ത്യൻ ആർമിയുടെ 34 ആർആർ യൂണിറ്റ് ബുദ്ഗാം ഏരിയയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 5 പിസ്റ്റളുകൾ, 5 മാഗസിനുകൾ, 50 റൗണ്ടുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ എന്നിവയുൾപ്പെടെയുള്ള പിടിച്ചെടുത്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിലെ കുൽഗാം മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു. രണ്ട് ഭീകരർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
