'സോഹോ മെയിലിലേക്ക് ഞാൻ മാറിയിരിക്കുന്നു. ഇ മെയിൽ വിലാസത്തിലെ മാറ്റം ശ്രദ്ധിക്കുക. ഭാവിയിലുള്ള കത്തിടപാടുകൾക്കായി amitshah.bjp@zohomail.in എന്ന പുതിയ വിലാസം ഉപയോഗിക്കുക'

ഇന്ത്യൻ ടെക് ലോകത്ത് മാറ്റത്തിന്‍റെ കാഹളം മുഴക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സുപ്രധാന തീരുമാനം. തന്‍റെ ഔദ്യോഗിക ഇ - മെയിൽ പ്ലാറ്റ്‌ഫോം ഇന്ത്യൻ നിർമ്മിത പ്ലാറ്റ്ഫോമായ സോഹോ മെയിലിലേക്ക് മാറ്റി. സോഹോയുടെ മെസേജിംഗ് ആപ്പായ 'അരാട്ടെ' തരംഗമാകുന്നതിനിടെയാണ് സോഹോ മെയി​ലിലേക്കുള്ള അമിത് ഷായുടെ മാറ്റമെന്നത് ശ്രദ്ധേയമാണ്. 'താങ്ക്യു ഫോർ യുവർ കൈൻഡ് അറ്റൻഷൻ' എന്ന് കുറിച്ചുകൊണ്ടാണ് സോഹോയിലേക്കുള്ള മാറ്റത്തിന്‍റെ വിവരം ഷാ പങ്കുവച്ചത്. 'സോഹോ മെയിലിലേക്ക് ഞാൻ മാറിയിരിക്കുന്നു. ഇ മെയിൽ വിലാസത്തിലെ മാറ്റം ശ്രദ്ധിക്കുക. ഭാവിയിലുള്ള കത്തിടപാടുകൾക്കായി amitshah.bjp@zohomail.in എന്ന പുതിയ വിലാസം ഉപയോഗിക്കുക' എന്നായിരുന്നു ഷാ, എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.

ടെക് ലോകത്ത് വലിയ ചർച്ചയാകുന്ന മാറ്റം

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഈ മാറ്റം ഇന്ത്യൻ ടെക് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. അമിത് ഷായുടെ ഈ മാറ്റം, കേന്ദ്ര മന്ത്രിമാർക്കും സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്കും മന്ത്രാലയങ്ങൾക്കും ഇന്ത്യൻ ടെക് കമ്പനികൾക്കും വലിയ സന്ദേശമാണ് പ്രദാനം ചെയ്യുന്നത്. ഷായുടെ ചുവടുപിടിച്ച് ഇന്ത്യൻ ടെക് ലോകത്ത് വലിയ മാറ്റത്തിനുള്ള സാധ്യതയാണ് കാണുന്നത്. ആഗോള ടെക് ഭീമൻമാരുടെ ഇ മെയിൽ സേവനങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ ഡാറ്റയുടെ സുരക്ഷ ലഭിക്കുമെന്നതാണ് സോഹോയുടെ പ്രധാന ആകർഷണം. ഇന്ത്യൻ പ്ലാറ്റ്‌ഫോം ആയതിനാൽ തന്നെ ഡാറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കാനുള്ള സാധ്യത കൂടുതലാണെന്നത് ഡാറ്റാ ചോർച്ച സംബന്ധിച്ച ഭയം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

സോഹോ മെയിലിനെക്കുറിച്ച് കൂടുതൽ അറിയാം

1996 ൽ ശ്രീധർ വെമ്പുവും വിനയ് തോമസും ചേർന്ന് സ്ഥാപിച്ച ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷന്റെ മെയിൽ സേവനമാണ് സോഹോ മെയിൽ, ലോകമെമ്പാടുമുള്ള 130 മില്യൺ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട മെയിൽ പ്ലാറ്റ്‌ഫോമെന്നാണ് സോഹോ വിലയിരുത്തപ്പെടുന്നത്. 18,000 ജീവനക്കാരുമായി പ്രവർത്തിക്കുന്ന ഈ കമ്പനി, 2023 ൽ തങ്ങളുടെ മെയിൽ സേവനത്തിന്റെ 15-ാം വാർഷികം ആഘോഷിച്ചു. ഉപയോക്തൃ സൗഹൃദ ഇന്റർഫേസും വിശ്വാസ്യതയും കാരണം സോഹോ മെയിൽ കൂടുതൽ ജനപ്രിയമാവുകയാണ്. സോഹോ കോർപ്പറേഷൻ ഈയിടെ പുറത്തിറക്കിയ ‘അരാട്ടെ’ ആപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചയുണ്ടാക്കി. ഇപ്പോൾ, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അടക്കമുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ചാറ്റുകളിലും മെയിൽ സേവനങ്ങളിലും ഉൾപ്പെടുത്താൻ സോഹോ ഒരുങ്ങുകയാണ്. ഈ മാറ്റം ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതാണ്. ഇത് കൂടുതൽ ആളുകളെ സോഹോ മെയിലിലേക്ക് ആകർഷിക്കുന്നു.