Asianet News MalayalamAsianet News Malayalam

'ആ ഫോട്ടോ കേരളത്തിൽ പോയപ്പോഴുള്ളത്, ബീഫ് കഴിക്കാറില്ല': ജഗന്നാഥ ക്ഷേത്രദർശന വിവാദത്തിന് കാമിയ ജാനിയുടെ മറുപടി

പ്രാദേശിക പാചക രീതികളെക്കുറിച്ച് താൻ നിരവധി വീഡിയോകൾ ചെയ്തിട്ടുണ്ട്. എന്നാൽ അതിനർത്ഥം അതെല്ലാം താന്‍ കഴിക്കുമെന്നല്ലെന്ന് യൂട്യൂബര്‍ കാമിയ ജാനി

that photo from kerala i never eaten beef youtuber kamiya jani amid Row Over Her Jagannath Temple Visit SSM
Author
First Published Dec 24, 2023, 1:50 PM IST

ഭുവനേശ്വര്‍: തന്‍റെ പുരി ജഗന്നാഥ ക്ഷേത്ര ദര്‍ശനം ബിജെപി വിവാദമാക്കിയതോടെ പ്രതികരണവുമായി യൂട്യൂബര്‍ കാമിയ ജാനി. കാമിയ ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണെന്നും അത്തരമൊരാള്‍ക്ക് എങ്ങനെയാണ് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചതെന്നുമാണ് ബിജെപി നേതാക്കളുടെ ചോദ്യം. കാമിയയെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. താന്‍ ഹിന്ദുമത വിശ്വാസിയാണെന്നും ബീഫ് കഴിക്കാറില്ലെന്നുമാണ് കാമിയയുടെ മറുപടി. 

"ഭഗവാന്‍ ജഗന്നാഥന്റെ അനുഗ്രഹം തേടാനും ക്ഷേത്രത്തെ കുറിച്ചുള്ള വീഡിയോ ചിത്രീകരണത്തിനുമാണ് ഞാന്‍ പോയത്. ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ്. ഞാൻ ഒരിക്കലും ബീഫ് കഴിച്ചിട്ടില്ല, പ്രോത്സാഹിപ്പിച്ചിട്ടുമില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, യഥാർത്ഥ വസ്തുതകളും സത്യവും അറിയിക്കുക എന്നത് പ്രധാനമാണ്. ഈ ഒരു സംഭവം, ഒരു തരത്തിലും എന്റെ രാജ്യത്തെക്കുറിച്ചും സമ്പന്നമായ സംസ്കാരത്തെക്കുറിച്ചുമുള്ള എന്റെ അഭിമാനത്തെ ഉലയ്ക്കില്ല. ഇന്ത്യക്കാരിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു"- കാമിയ പറഞ്ഞു. 

പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വീഡിയോ കാമിയ പോസ്റ്റ് ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം. ബിജെഡി നേതാവ് വി കെ പാണ്ഡ്യൻ ക്ഷേത്രത്തെ കുറിച്ചും പൈതൃക ഇടനാഴി പദ്ധതിയെക്കുറിച്ചും ക്ഷേത്ര വികസനത്തെ കുറിച്ചുമെല്ലാം സംസാരിക്കുന്നതും വീഡിയോയിലുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലുള്ള പുരാതനമായ ക്ഷേത്രത്തില്‍, ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരാള്‍ക്ക് ബിജെഡി പ്രവേശനം അനുവദിച്ചെന്ന് പറഞ്ഞാണ് ബിജെപി വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.  മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് യുവതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപി ഒഡിഷ ജനറല്‍ സെക്രട്ടറി ജതിന്‍ മൊഹന്തി ആവശ്യപ്പെട്ടത്. ക്ഷേത്ര പരിസരത്ത് ക്യാമറ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് നിയമ ലംഘനമാണെന്നും ജതിന്‍ പറഞ്ഞു.

എന്നാല്‍ ക്ഷേത്രത്തിനുള്ളില്‍ ക്യാമറ ഉപയോഗിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യക്തമായ തെളിവ് നല്‍കിയാല്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും ക്ഷേത്രം ഭാരവാഹികള്‍ പ്രതികരിച്ചു. ബിജെപിയുടെ അസഹിഷ്ണുതയാണ് ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ പുറത്തുവരുന്നതെന്ന് ബിജെഡി നേതാക്കളും പ്രതികരിച്ചു. 

ബീഫ് വിളമ്പുന്ന ഒരു റെസ്റ്റോറന്‍റില്‍ ഇരിക്കുന്ന കാമിയയുടെ ഫോട്ടോ സഹിതമാണ് ബിജെപിയുടെ പ്രചാരണം. ഈ ഫോട്ടോ കേരളത്തില്‍ നിന്നുള്ളതാണെന്നും രണ്ട് ട്രക്ക് ഡ്രൈവര്‍മാരുടെതാണ് ആ റെസ്റ്റോറന്‍റെന്നും വീഡിയോ ചിത്രീകരണത്തിന്‍റെ ഭാഗമായാണ് താന്‍ ആ റെസ്റ്റോറന്‍റില്‍ എത്തിയതെന്നും കാമിയ വിശദീകരിച്ചു. പ്രാദേശിക പാചക രീതികളെക്കുറിച്ച് താൻ നിരവധി വീഡിയോകൾ ചെയ്തിട്ടുണ്ട്. എന്നാൽ അതിനർത്ഥം അതെല്ലാം താന്‍ കഴിക്കുമെന്നല്ല. തെറ്റിദ്ധാരണ മൂലം വേദനിച്ചവരിലേക്ക് ഈ വിശദീകരണം എത്തുമെന്ന്  പ്രതീക്ഷിക്കുന്നുവെന്നും കാമിയ പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kamiya Jani (@kamiya_jani)

Latest Videos
Follow Us:
Download App:
  • android
  • ios