ദില്ലി: പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ. സമ്മേളനത്തിന് മുന്നോടിയായി പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. മുത്തലാഖ് നിരോധിക്കുന്നതിനുള്ള ബിൽ പാസാക്കുന്നതിന് സർക്കാർ പ്രതിപക്ഷ സഹകരണം തേടും. രാജ്യസഭയിൽ ബില്ല് പാസ്സാക്കാനിടയില്ല. 

എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡും ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമബംഗാളിലെ സംഘർഷം ആദ്യ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയേക്കും. നാളെയും മറ്റന്നാളും പുതിയ എംപിമാരുടെ സത്യപ്രതിജ്ഞയാണ്. സ്പീക്കറെ ബുധനാഴ്ചയാണ് തെരഞ്ഞെടുക്കുക. സ്പീക്കറെക്കുറിച്ചുള്ള ബിജെപി തീരുമാനം ഉടനുണ്ടാവും.

വ്യാഴാഴ്ച രാഷ്ട്രപതി പാ‍ലമെൻറിനെ അഭിസംബോധന ചെയ്യും. രണ്ടാം നരേന്ദ്രമോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് അഞ്ചിന് അവതരിപ്പിക്കും. ലേക്സഭയുടെ ആദ്യ യോഗത്തിന് മുന്നോടിയായി എന്‍ഡിഎ യോഗവും ഇന്ന് ദില്ലിയില്‍ ചേരും.