സോനം വാങ് ചുക്കിൻ്റെ എൻജിഒയുടെ എഫ്സിആർഎ ലൈസൻസ് കേന്ദ്രം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെയാണ് നടപടി.

ദില്ലി: ലഡാക്ക് സംഘർഷത്തിന് പിന്നാലെ സോനം വാങ് ചുക്കിൻ്റെ എൻജിഒയുടെ എഫ്സിആർഎ ലൈസൻസ് കേന്ദ്രം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെയാണ് നടപടി. സോനം വാങ് ചുക് നേതൃത്വം നല്‍കുന്ന സ്ഥാപനം വിദേശ സംഭാവന ചട്ടം ലംഘിച്ച് വന്‍തോതില്‍ പണം കൈപ്പറ്റിയെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നെന്നുമുള്ള പരാതിയില്‍ സിബിഐ അന്വേഷണം തുടങ്ങിയിരുന്നു. സോനം വാങ് ചുങിന്‍റെ ഓഫീസില്‍ അന്വേഷണ സംഘമെത്തി രേഖകള്‍ പരിശോധിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനുപിന്നാലെയാണ് കേന്ദ്രം ലൈസൻസ് റദ്ദാക്കിയത്.

അതേസമയം, ലഡാക്ക് സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചന വാദം കേന്ദ്രം ആവര്‍ത്തിച്ചു. ഒക്ടോബര്‍ ആറിന് ചര്‍ച്ച നിശ്ചയിച്ചിരിക്കേ സംഘര്‍ഷം പൊട്ടിപുറപ്പെട്ടതിന് പിന്നില്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപിയും കേന്ദ്രസര്‍ക്കാര്‍ വ‍ൃത്തങ്ങളും ആരോപിക്കുന്നത്. സംഭവത്തിന് പിന്നാലെ സോനം വാങ് ചുക്കിനെതിരെ തുടങ്ങിയ അന്വേഷണത്തിലെ നടപടികള്‍ സിബിഐ ഊര്‍ജ്ജിതമാക്കി.

കല്ലേറിനും സംഘര്‍ഷത്തിനും ആഹ്വാനം നല്‍കും വിധം കോേണ്‍ഗ്രസ് ഇടപെടലുണ്ടായെന്നാണ് ബിജെപിയുടെ ആരോപണം. വോട്ടര്‍ പട്ടിക ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം അറിയിക്കാന്‍ രാജ്യത്തെ യുവാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കിയ ആഹ്വാനത്തിലെ ജെന്‍ സി പ്രയോഗം പോലും ലഡാക്കില്‍ ഇന്ധനമായെന്നാണ് കേന്ദ്ര സര്‍ക്കാരും കരുതുന്നത്. ഒക്ടോബര്‍ ആറിന് ലഡാക്ക് അപെക്സ് ബോഡിയുമായും കാര്‍ഗില്‍ ഡെമോക്രാറ്റിക്ക അലയന്‍സുമായും ചര്‍ച്ച നിശ്ചയിച്ചിരുന്നു. സോനം വാങ് ചുക്ക് നിരഹാരം തുടര്‍ന്ന സാഹചര്യത്തില്‍ നിരീക്ഷണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതിനിധികളെയും അയച്ചിരുന്നു.

പ്രക്ഷോഭകാരികള്‍ ആരോപിക്കുന്നത് പോലെ നടപടികളില്‍ കാലതാമസമുണ്ടായിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വാദം. സംസ്ഥാന പദവിയും സ്വയം ഭരണവും ഒന്നിച്ച് നല്‍കുന്നതില്‍ കേന്ദ്രത്തിന് താല്‍പര്യമില്ലായിരുന്നു. സംഘര്‍ഷം ശക്തമായതിന് പിന്നാെല സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെയും കേന്ദ്രം സംശയത്തോടെയാണ് കാണുന്നത്. സംഘര്‍ഷം രൂക്ഷമാകാതിരിക്കാനാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും പ്രതിഷേധത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലെന്നുമാണ് സോനം വാങ്ചുക്കിന്‍റെ പ്രതികരണം. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചര്‍ച്ച നടക്കുമോയെന്ന് വ്യക്തമല്ല. സാഹചര്യത്തിന് അയവ് വന്നതിനാല്‍ നേപ്പാളിലെയും ബംഗ്ലാദേശിലെയും പോലെ കലാപമാകാനുള്ള സാധ്യതയില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.

YouTube video player