റെയ്ഡിന് പിന്നാലെ കർണാടക സോപ്‍സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ ചെയർ‍മാൻ സ്ഥാനത്ത് നിന്ന് മദൽ വിരൂപാക്ഷപ്പ രാജിവച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശപ്രകാരമാണ് രാജി. ലോകായുക്ത ഉടൻ എംഎൽഎയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

ബെം​ഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച ആറുകോടി രൂപ പിടിച്ചെടുത്തതിനെ തുടർന്ന് വിവാ​ദം പുകയുന്നു. റെയ്ഡിന് പിന്നാലെ കർണാടക സോപ്‍സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ ചെയർ‍മാൻ സ്ഥാനത്ത് നിന്ന് മദൽ വിരൂപാക്ഷപ്പ രാജിവച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശപ്രകാരമാണ് രാജി. ലോകായുക്ത ഉടൻ എംഎൽഎയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. എംഎൽഎയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും മകൻ വഴി കൈക്കൂലി നൽകണമെന്ന് പറഞ്ഞെന്നും കോൺട്രാക്റ്റർ‍ പരാതി നൽകിയിരുന്നു. എംഎൽഎ മദൽ വിരുപാക്ഷപ്പയുടെ മകനായ പ്രശാന്ത് മദലിന്റെ വീട്ടിൽ നിന്നാണ് ലോകോയക്ത അഴിമതി വിരുദ്ധ സ്ക്വാഡ് പണം പിടിച്ചെടുത്തത്.

ഇയാൾ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു പിടിയിലായത്. തുടർന്നാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. കരാറുകാരിൽ നിന്ന് പദ്ധതിയുടെ 40 ശതമാനം എംഎംഎൽമാർ കൈക്കൂലിയായി വാങ്ങുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എംഎൽഎയുടെ മകൻ കൈയോടെ പിടിക്കപ്പെട്ടത്. 

കെഎഎസ് ഓഫീസറായ പ്രശാന്ത്, ബെംഗളുരു കോർപ്പറേഷനിൽ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറാണ്. ഓഫിസിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ കൈയോടെ പിടിയിലായത്. കരാറുകാരൻ പരാതി നൽകിയതിനെ തുടർന്നാണ് ലോകായുക്ത രഹസ്യ ഓപ്പറേഷൻ നടത്തിയത്. സോപ്പും ഡിറ്റർജന്‍റും നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ നിർമിക്കാനുള്ള കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 81 ലക്ഷം രൂപയാണ് കൈക്കൂലിയായി പ്രശാന്ത് കുമാർ കോൺട്രാക്റ്ററിൽ നിന്ന് ആവശ്യപ്പെട്ടത്. അഴിമതിയാരോപണങ്ങളിൽ വലയുന്ന ബിജെപിക്ക് തെരഞ്ഞെടുപ്പ് കാലത്ത് വലിയ തിരിച്ചടിയാണ് ഈ സംഭവം. ഓരോ പ്രോജക്ടിനും എംഎൽഎമാരും മന്ത്രിമാരും 40% കമ്മീഷൻ ചോദിക്കുന്നെന്ന് കോൺട്രാക്റ്റർമാരുടെ അസോസിയേഷൻ ആരോപിച്ചിരുന്നു. ഇത് പ്രതിപക്ഷം പ്രചരണായുധമാക്കി.