മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലായ സുപ്രീം കോടതി അഭിഭാഷക രത്‌ന സിംഗിനെ പോലീസ് വിട്ടയച്ചു. സാകേത് കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് നടപടി. സുപ്രീം കോടതിക്ക് സമീപത്ത് നിന്ന് മറ്റ് നിരവധി അഭിഭാഷകരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തുന്ന 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത സിജെപി ലീഗൽ വിങ് തലവനും സുപ്രീം കോടതി അഭിഭാഷകയുമായ രത്‌ന സിംഗിനെ പൊലീസ് വിട്ടയച്ചു. മുൻകൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെ ഡൽഹി പോലീസ് തന്നെ കസ്റ്റഡിയിലെടുത്തു എന്ന് കാട്ടി രത്ന സിംഗ് സാകേത് ജില്ലാ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. രത്ന സിംഗിനെ വിട്ടയച്ചതായി പോലീസ് ഔദ്യോഗികമായി സാകേത് കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് കോടതി ഹർജി തീര്‍പ്പാക്കുകയും ചെയ്തു.
സുപ്രീം കോടതി അഭിഭാഷകരെ തടഞ്ഞു
ജങ്പുര എക്സ്റ്റൻഷനിലുള്ള തന്റെ വീട്ടിൽ നിന്നും സുപ്രീം കോടതിയിലേക്ക് പോകാനിറങ്ങിയ രത്‌ന സിംഗിനെയും മറ്റ് മൂന്ന് അഭിഭാഷകരെയും പോലീസ് കാർ തടഞ്ഞുനിർത്തിയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. തന്നെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് കാണിച്ചാണ് ഇവർ സാകേത് കോടതിയിൽ ഹർജി നൽകിയത്. ഇതിനുപുറമേ, സുപ്രീം കോടതിക്ക് സമീപമുള്ള ഭഗവാൻ ദാസ് റോഡിൽ വെച്ച് പ്ലക്കാർഡുകളേന്തി മുദ്രാവാക്യം വിളിച്ച അറുപതോളം സുപ്രീം കോടതി അഭിഭാഷകരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുപ്രീം കോടതി ചേമ്പറുകളിൽ നിന്നുപോലും അഭിഭാഷകരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ആരോപണം ഉയർന്നിട്ടുണ്ട്.
