Asianet News MalayalamAsianet News Malayalam

ഹിജാബ് ഹര്‍ജി; അടിയന്തര വാദം കേള്‍ക്കേണ്ട സാഹചര്യമില്ല, ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത വേഷങ്ങൾ വിലക്കിയ കർണാടക സർക്കാര്‍ ഉത്തരവ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്നലെ ശെരിവെച്ചിരുന്നു. 

The Supreme Court says that the hijab petition will be considered after the Holi holidays
Author
Delhi, First Published Mar 16, 2022, 12:06 PM IST

ദില്ലി: ഹിജാബ് ഹര്‍ജി (Hijab Petition) ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി (Supreme Court). അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് കോടതി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത വേഷങ്ങൾ വിലക്കിയ കർണാടക സർക്കാര്‍ ഉത്തരവ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്നലെ ശെരിവെച്ചിരുന്നു. ഹിജാബ് എന്നത് ഇസ്ലാമിലെ നിർബന്ധിത മതാചാരമല്ലെന്നാണ് വിധിയിൽ കോടതി വ്യക്തമാക്കിയത്. 

കർണാടകയെ ഇളക്കിമറിച്ച വിവാദത്തിൽ 11 ദിവസം വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് വിധി പുറപ്പെടുവിച്ചത്. മതവേഷം വിലക്കിയ കർണാടക സർക്കാർ ഉത്തരവിൽ മൗലികാവകാശം ലംഘിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ല. യൂണിഫോം നിർബന്ധമാക്കൽ മൗലികാവകാശ ലംഘനമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ  കർണാടക സർക്കാർ ഉത്തരവിനെതിരായ ഹർജികൾ എല്ലാം കോടതി തള്ളി. മുസ്ലീം സംഘടനകള്‍ ഒഴികെ കോണ്‍ഗ്രസും ദളും അടക്കം ഉത്തരവിനെ അനുകൂലിച്ചു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെംഗ്ലൂരുവിലടക്കം കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഹിജാബ് ധരിക്കാതെ ക്ലാസിലിരിക്കാന്‍ കഴിയില്ലെന്നും അവകാശം നേടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നും ഹര്‍ജിക്കാരായ ഉഡുപ്പി പിയു കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.


 

Latest Videos
Follow Us:
Download App:
  • android
  • ios