ദില്ലി: ആംആദ്മി പാര്‍ട്ടിയുടെ രണ്ടാം വിജയത്തിൽ കൂടുതൽ യുവമുഖങ്ങൾ ദില്ലി നിയമസഭയിലേക്കെത്തുന്നു. ആംആദ്മി വിട്ട് പോയി മത്സരിച്ചവർ തോറ്റപ്പോള്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് എഎപിയിലേക്ക് എത്തിയവരെല്ലാം വിജയിച്ചു. ആംആദ്മിയുടെ യുവനിരയില്‍ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ തോറ്റ മൂന്ന് എഎപി സ്ഥാനാര്‍ത്ഥികള്‍ ദില്ലി നിയമസഭയിലെത്തുകയാണ്. രാഘവ് ഛദ്ദ, ആതിഷി മെര്‍ലേന, ദിലീപ് പാണ്ഡെ എന്നിവര്‍. മൂന്ന് പേരും എഎപിയുടെ യുവ പോരാളികളാണ്. ലോക്സഭയില്‍ വലിയ പരാജയം ഏറ്റുവാങ്ങിയെങ്കിലും നിയമസഭയില്‍ ജയിക്കാനായതിന്‍റെ സന്തോഷത്തിലാണ് ഇവരെല്ലാം.

സ്കൂളുകൾ നവീകരിക്കാനുള്ള എഎപി സർക്കാരിന്‍റെ നടപടിയിൽ നിർണ്ണായക പങ്ക് ആതിഷി മർലേനക്കുണ്ടായിരുന്നു. നേരത്തെ ലോക്സഭാതെരഞ്ഞെടുപ്പില്‍ ക്രിക്കറ്റ് താരം ബിജെപിയുടെ ഗൗതം ഗംഭീറിനോട് മത്സരിച്ച് തോറ്റ അവര്‍ ഇത്തവണ ആത്മവിശ്വാസത്തിലായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച കല്‍ക്കജിയിലാണ് ഇത്തവണ ആതിഷി വിജയിച്ചതെന്നതും ശ്രദ്ധേയമാണ്. ദില്ലിയുടെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചുവെന്നത് ആതിഷിയ്ക്ക് ഏറെ ഗുണകരമായി. എന്തുകൊണ്ടു കല്‍ക്കജി മത്സരിക്കാനായി തെരഞ്ഞെടുത്തുവെന്ന ചോദ്യത്തിന് വിദ്യാഭ്യാസവും സ്കൂളുകളുമായി ബന്ധപ്പെട്ട് ഏറെ പ്രവര്‍ത്തിച്ച സ്ഥലമായിരുന്നുവെന്നും നല്ല ആത്മവിശ്വാസമുണ്ടായിരുന്നുവെന്നുമാണ് അവര്‍ പ്രതികരിച്ചത്. 

യുനേതാക്കളില്‍ മറ്റൊരാള്‍, രാഘവ് ഛദ്ദ സോഷ്യല്‍ മീഡിയയ്ക്ക് അടക്കം കൂടുതല്‍ സുപരിചിതനാണ്. തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് രാഘവ് ഛദ്ദക്ക് ചുറ്റുമായിരുന്നു യുവനിര. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. 31 കാരനായ രാഘവിന് വേണ്ടി പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയിലടക്കം 'എന്നെ വിവാഹം ചെയ്യൂ' എന്ന് പോസ്റ്റ് ചെയ്തതും തെരഞ്ഞെടുപ്പ് സമയത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പ്രശസ്തികൂടി തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സഹായകരമായിട്ടുണ്ട്. 

എഎപി വിട്ട് പോയി മറ്റ് പാര്‍ട്ടി സീറ്റുകളില്‍ മത്സരിച്ചവരെല്ലാം തോറ്റുവെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് ചാന്ദ്നി ചൗക്കില്‍ മല്‍സരിച്ച അല്‍ക്കാ ലാംബ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസ്സ് വിട്ട് എഎപിയില്‍ എത്തിയ പ്രഹ്ളാദ് സിംഗ് സാനിയോടാണ് അവര്‍ തോറ്റത്.  

എഎപിയില്‍ സീറ്റ് കിട്ടാത്തതിനെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സ് ചേര്‍ന്ന ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ ആദര്‍ശ് ശാസ്ത്രിയും തോറ്റു. എന്നാല്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് എഎപിയില്‍ എത്തി മത്സരിച്ചവരെല്ലാം ജയിക്കുകയും ചെയ്തു. വ്യാജ സർട്ടിഫിക്കറ്റ് കേസിനെ തുടർന്ന് കെജ്രിവാൾ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടി വന്ന ജിതേന്ദ്ര തോമറിൻറെ ഭാര്യ പ്രീതി തോമർ വിജയിച്ചതും എഎപിക്ക് ആശ്വാസമായി.