ഇക്കുറി തിയോഗ് നിലനിർത്തുന്നതിനൊപ്പം മറ്റിടങ്ങളിലും പാർട്ടി മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. കോലാഹലങ്ങളില്ലാതെയാണ് സിപിഎമ്മിന്‍റെ വോട്ട് തേടല്‍ എന്നതും ശ്രദ്ധേയമാണ്. 

ഹിമാചല്‍ പ്രദേശിലെ ചുവന്ന മണ്ഡലമാണ് തിയോഗ്. ഹിമാചലിലെ സിപിഎമ്മിന്‍റെ ഒരേയൊരു സീറ്റ്. കാല്‍നൂറ്റാണ്ടിന് ശേഷം കഴിഞ്ഞ തവണ പിടിച്ചെടുത്ത മണ്ഡലം കൈവിടാതിരിക്കാനായുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ് പാർട്ടിയുള്ളത്. ഹിമാചല്‍ പ്രദേശില്‍ ഇടതിന്‍റെ ഏക കനല്‍തരിയാണ് തിയോഗ് എംഎല്‍എ രാകേഷ് സിംഘ. പതിറ്റാണ്ടുകൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഒരു സിപിഎം എംഎല്‍എ മത്സരിച്ച് വിജയിച്ചത്. ഇക്കുറി തിയോഗ് നിലനിർത്തുന്നതിനൊപ്പം മറ്റിടങ്ങളിലും പാർട്ടി മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. കോലാഹലങ്ങളില്ലാതെയാണ് സിപിഎമ്മിന്‍റെ വോട്ട് തേടല്‍ എന്നതും ശ്രദ്ധേയമാണ്. 

തിയോഗിലെ ഒരുൾനാടന്‍ഗ്രാമത്തില്‍ മരത്തണലിലിരുന്ന് പ്രദേശവാസികളോട് വോട്ട് ചോദിക്കുന്ന സ്ഥലം എംഎല്‍എയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് കാണാനായത്. ഒരു ബോർഡ് പോലും വയ്ക്കാത്ത വാഹനത്തിന് മുന്നിലല്ലാതെ ചുകന്ന കൊടിപോലും അവിടെയെവിടെയും കണ്ടില്ല. എന്തുകൊണ്ടെന്ന് പ്രവർത്തകരോട് ചോദിച്ചപ്പോൾ രാകേഷ്ജിയുടെ പരിപാടിയില്‍ അതിന്‍റെയൊന്നും ആവിശ്യമില്ലെന്നാണ് മറുപടി. വോട്ടര്‍മാരെ ഏറെ നേരം ബുദ്ധിമുട്ടിച്ചുള്ള പ്രചാരണവും ഇവിടില്ല. പകരം പത്ത് മിനിറ്റ് നീളുന്ന പരിപാടികളാണ് രാകേഷ് സിംഘയുടേത്. 

കോൺഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുല്‍ദീപ് സിംഗ് റാത്തോഡും, ബിജെപിയുടെ അജയ് ശ്യാമുമാണ് ഇത്തവണ തിയോഗില്‍ രാകേഷ് സിംഘയുടെ എതിരാളികൾ. ഭൂരിഭാഗവും ചെറുകിട കർഷകരുള്ള തിയോഗിലെ കഴിഞ്ഞ തവണത്തെ വിജയം സംസ്ഥാനത്ത് പാർട്ടിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. 11 മണ്ഡലങ്ങളിലാണ് ഇക്കുറി സിപിഎം സ്ഥാനാർത്ഥികൾ ഹിമാചലില്‍ മത്സരിക്കുന്നത്. ഷിംലയുൾപ്പടെ 4 മണ്ഡലങ്ങളില്‍ നല്ല വിജയ പ്രതീക്ഷയുമുണ്ട്. ഒരിടത്ത് സിപിഐയും മത്സരിക്കുന്നു.

അതേസമയം ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാവിലെ പാർട്ടി അധ്യക്ഷന്‍ ജെ പി നദ്ദ ഷിംലയില്‍വച്ചാണ് പത്രിക പുറത്തിറക്കുക. വിവിധ ഇടങ്ങളില്‍ റാലികളിലും നദ്ദ പങ്കെടുക്കുന്നുണ്ട്. വിവിധ കേന്ദ്ര നേതാക്കളും ഇന്ന് പ്രചാരണത്തിനായി സംസ്ഥാനത്തെത്തുന്നുണ്ട്.