ദില്ലി: ദില്ലിയില്‍ നിന്ന് പലായനം ചെയ്യുന്നവരെ തടഞ്ഞ് സര്‍ക്കാര്‍. അതേസമയം, അഭയ കേന്ദ്രങ്ങളിലെ ജീവിതം ദുരിത പൂര്‍ണമാണെന്ന് ആരോപണമുയര്‍ന്നു. അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാണെന്നും സാമൂഹിക അകലം പോലും പാലിക്കാനിടമില്ലെന്നും ഭക്ഷണത്തിനും മരുന്നിനും പ്രതിസന്ധിയുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു. തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞെന്ന് സിപിഐ നേതാവ് ആനിരാജ ആരോപിച്ചു. 

കൊവിഡില്‍ രാജ്യം നേരിട്ട മറ്റൊരു പ്രതിസന്ധിയായിരുന്നു പലായനം. കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗ ഭീഷണിയുയര്‍ത്തി നടത്തിയ യാത്ര തടഞ്ഞാണ് തൊഴിലാളികളെ അഭയകന്ദ്രങ്ങളിലാക്കിയത്. കൊവിഡ് കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുമ്പോള്‍ ഇവിടങ്ങളിലെ കാഴ്ച ആശ്വാസകരമല്ല. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുകളില്‍ ഭക്ഷണവും പരിശോധനയും കൃത്യമായി നല്‍കണമെന്നാണ് നിര്‍ദേശം. അതും നടപ്പാകുന്നില്ല. സര്‍ക്കാര്‍ നപടികള്‍ താളം തെറ്റിയപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ഇടപെട്ടു. 

കുടിയേറ്റ തൊഴിലാളികലെ പാര്‍പ്പിക്കാന്‍ 111 അഭയ കേന്ദ്രങ്ങളാണ് ദില്ലിയില്‍ സജ്ജമാക്കിയത്. 4788 പേരെയാണ് പാര്‍പ്പിചിരിക്കുന്നത്. എവിടെയും പരാതികളില്ലെന്നും മികച്ച സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്നുമാണ് തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ദില്ലി ചീഫ് സെക്രട്ടറി വിജയ് ദേവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെടുന്നത്.
തൊഴിലാളികള്‍ക്ക് പരാതിയുണ്ടെങ്കില്‍ പരിശോധിക്കാമെന്നാണ് ദില്ലി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡിന്റെ പ്രതികരണം.