Asianet News MalayalamAsianet News Malayalam

Hijab row : ഹിജാബ് ധരിക്കണമെന്നുള്ളവര്‍ അതനുവദിക്കുന്ന രാജ്യത്ത് പോകട്ടെ: ബിജെപി നേതാവ്

ജഡ്ജിമാര്‍ സ്വാധീനിക്കപ്പെട്ടെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ അവരെ കുറ്റപ്പെടുത്തുന്നു.
 

They may go out where they're allowed to wear Hijab says BJP leader
Author
Bengaluru, First Published Mar 17, 2022, 11:27 AM IST

ബെംഗളൂരു: ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ അത് അനുവദിക്കുന്ന രാജ്യത്ത് പോകട്ടെയെന്ന് ബിജെപി നേതാവും കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ യശ്പാല്‍ സുവര്‍ണ. ജഡ്ജിമാര്‍ സ്വാധീനിക്കപ്പെട്ടെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ അവരെ കുറ്റപ്പെടുത്തുന്നു. ഈ വിഷയത്തില്‍ ജുഡീഷ്യറിയെയും സര്‍ക്കാരിനെയും ബന്ധിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. ഭരണഘടനയെ മാനിക്കുന്നില്ലെങ്കില്‍, ഹിജാബ് ധരിക്കാനും അവരുടെ മതം അനുഷ്ഠിക്കാനും അനുവാദമുള്ളിടത്ത് അവര്‍ക്ക് പോകാം- യശ്പാല്‍ സുവര്‍ണ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

 

 

കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ്  നിരോധനമാകാമെന്നും ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും കർണാടക ഹൈക്കോടതി  കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.  

ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.  ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു.  ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടിരുന്നു. 

അതേസമയം ഹിജാബ് ഉത്തരവ് വരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗ്ലൂരു, കലബുര്‍ഗി, ഹാസ്സന്‍, ദാവന്‍കരെ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ. ഉഡുപ്പിയും ദക്ഷിണകന്നഡിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരിക്കുകയാണ്. വിധിക്ക് മുമ്പ് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുഖ്യമന്ത്രി ബസവരാജ ബൊമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയുന്നത്. ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജില്‍ തുടങ്ങിയ എതിര്‍പ്പാണ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയത്. ഹിജാബ് അനുവദിക്കാത്തതിന്‍റെ പേരില്‍ ഇരുന്നൂറ്റിയമ്പതോളം വിദ്യാര്‍ത്ഥിനികളാണ് ഇതുവരെ പരീക്ഷ ബിഹിഷ്കരിച്ചത്. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. കർണാടക ഹൈക്കോടതി ഉത്തരവ് കൂടി വന്നതോടെ സർക്കാരിന് ഉറച്ച നിലപാട് തുടരാം. 

ഉഡുപ്പി പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. കാലങ്ങളായി ഹിജാബും ബുര്‍ഖയും മാറ്റിയ ശേഷമേ വിദ്യാര്‍ത്ഥിനികളെ  അനുവദിച്ചിരുന്നുള്ളൂവെന്ന് കോളേജ് അധികൃതര്‍ നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധം കടുത്തു. വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. പിന്നാലെ മംഗ്ലൂരുവിലും മാണ്ഡ്യയിലും സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞു. കാവി ഷാള്‍ ധരിച്ച് മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികളും കോളേജുകളിലേക്ക് എത്തിയതോടെ പ്രതിഷേധം സംഘര്‍ഷങ്ങള്‍ക്ക് വഴിമാറി. പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു. 


 

Latest Videos
Follow Us:
Download App:
  • android
  • ios