പാറ്റ്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട പോളിംഗ് പുരോ​ഗമിക്കുന്നു. രാവിലെ ഏഴ് മണിമുതല്‍  മുതല്‍ വൈകീട്ട് ആറ് വരെയാണ്  പോളിംഗ്. 78 മണ്ഡലങ്ങളിലായി 1204 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്നത്. ജെഡിയു 37 ,ആര്‍ജെഡി 46,  ബിജെപി 35, കോണ്‍ഗ്രസ് 25 സീറ്റുകളിലും ഇടത് പാര്‍ട്ടികള്‍ 7 സീറ്റുകളിലുമാണ്  മത്സരിക്കുന്നത്.  

രാവിലെ ഒൻപത് മണിവരെ 7.6 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം വോട്ടിം​ഗ് മെഷീനുകൾ വ്യാപകമായി തകരാറിലായതായി ആ‍ർജെഡി ആരോപിച്ചു. നിതീഷ് കുമാ‍ർ ക്ഷീണിതനാണെന്നും നിതീഷിന് ഇനി ബിഹാ‍ർ ഭരിക്കാൻ അവസരം കിട്ടില്ലെന്നും തേജസ്വി യാദവ് പറഞ്ഞു. 

എഐഎംഎം അടക്കമുള്ള  ചെറുകക്ഷികള്‍ ഉള്‍പ്പെട്ട മൂന്നാം മുന്നണിയും മത്സരരംഗത്തുണ്ട്. മഹാദളിതുള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങളും, മുസ്ലീം വോട്ടുകളും  നിര്‍ണ്ണായകമായ സീമാഞ്ചല്‍, മിഥിലാഞ്ചല്‍, ചമ്പാരന്‍ മേഖലകളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്. 

ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പുയാദവ്,  ശരത് യാദവിന്‍റെ മകള്‍ സുഹാസിനി യാദവ്, മണ്ഡല്‍ കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബി പി മണ്ഡലിന്‍റെ ചെറുമകന്‍ നിഖില്‍ മണ്ഡല്‍ എന്നിവരാണ് ഈ ഘട്ടം മത്സരിക്കുന്ന പ്രമുഖര്‍. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ 15 ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്.