Modi government നരേന്ദ്ര മോദി രണ്ടാമതും അധികാരത്തിലെത്തിയിട്ട് നാളെ മൂന്നു വർഷം പൂർത്തിയാകും. ദേശീയ രാഷ്ട്രീയത്തിൽ കർഷക സമരം മാത്രമാണ് നരേന്ദ്ര മോദി നേരിടേണ്ടി വന്ന പ്രധാന വെല്ലുവിളി.
ദില്ലി: നരേന്ദ്ര മോദി രണ്ടാമതും അധികാരത്തിലെത്തിയിട്ട് നാളെ മൂന്നു വർഷം പൂർത്തിയാകും. ദേശീയ രാഷ്ട്രീയത്തിൽ കർഷക സമരം മാത്രമാണ് നരേന്ദ്ര മോദി നേരിടേണ്ടി വന്ന പ്രധാന വെല്ലുവിളി. വിലക്കയറ്റം പ്രതിസന്ധിയായി നില്ക്കെ ധ്രുവീകരണത്തിലൂടെ വരുന്ന തെരഞ്ഞെടുപ്പുകൾ മറികടക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ കാണുന്നത്.
നരേന്ദ്ര മോദിയുടെ എട്ടു വർഷം സംഭവബഹുലമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹ്യ അന്തരീക്ഷവും മാറി മറിഞ്ഞ എട്ടു വർഷം. കഴിഞ്ഞ മൂന്നു വർഷത്തിൽ ബിജെപിയുടെ രണ്ട് അടിസ്ഥാന വിഷയങ്ങൾ നടപ്പാക്കാൻ മോദിക്കായി. ജമ്മുകശ്മീരിൻറെ പ്രത്യേക പദവി എടുത്തു കളഞ്ഞു കൊണ്ടാണ് മോദി രണ്ടാമൂഴം തുങ്ങിയത്. അയോധ്യയിലെ രാമക്ഷേത്രം സാധ്യമാക്കുന്ന സുപ്രീംകോടതി തീരുമാനവും അതേ വർഷം വന്നു. പിന്നെയും പലതും ആലോചനയിലുണ്ടായിരുന്നു. എന്നാൽ കൊവിഡ് ആ നീക്കങ്ങളെ ബാധിച്ചു. ചൈനീസ് സേന അതിർത്തിയിലേക്ക് നീങ്ങിയതും മോദിയുടെ കൈകൾ ബന്ധിച്ചു.
അതിർത്തിയിൽ സംഘർഷാവസ്ഥയിൽ കാര്യമായ മാറ്റമില്ല. കാർഷിക ബില്ലുകൾക്കെതിരായ പ്രതിഷേധമാണ് മൂന്നു വർഷത്തിൽ മോദി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഒടുവിൽ നിയമങ്ങൾ പിൻവലിച്ച് സർക്കാർ പ്രതിസന്ധി ഒഴിവാക്കി. യുപിയിലെ വിജയത്തോടെ ബിജെപി ദേശീയതലത്തിലെ മേൽക്കോയ്മ തിരികെ പിടിച്ചു. എന്നാൽ 2024 വരെ ഈ അന്തരീക്ഷം തുടരണം. കാശിയിലേയും മഥുരയിലേയും കാഴ്ചകൾ അടുത്ത തെരഞ്ഞെടുപ്പിലെ നയം എന്താവും എന്ന സൂചന നല്കുന്നു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഏകീകൃത സിവിൽ കോഡ് എന്നിവ സർക്കാരിൻറെ അജണ്ടയിൽ ഉണ്ട് കാർഷിക ബില്ലുകളിൽ കൈപൊള്ളിയ സർക്കാർ ഇക്കാര്യങ്ങളിൽ കരുതലോടെ നീങ്ങാനാണ് സാധ്യത. സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മറികടക്കുക എന്ന കടമ്പയാണ് രണ്ടു വർഷത്തിൽ മോദിക്ക് മുന്നിലുള്ളത്. ഏഴു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിൻറെ ഫലവും രണ്ടായിരത്തി ഇരുപത്തിനാലിൻറെ അന്തരീക്ഷം ഒരുക്കും.
