കർണാടകയിൽ മന്ത്രിസ്ഥാനം ഉറപ്പാക്കുന്നതിനും മന്ത്രിസഭാ പുനഃസംഘടനയ്ക്കും വേണ്ടി മുപ്പതോളം മുതിർന്ന കോൺഗ്രസ് എംഎൽഎമാർ ദില്ലിയിലെത്തി. ഇതുവരെ പരിഗണിക്കാത്ത മുതിർന്ന നേതാക്കൾക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ പാർട്ടി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും.
ബെംഗളൂരു: കർണാടകയിൽ മന്ത്രിസ്ഥാനം ഉറപ്പാക്കുന്നതിനും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സമ്മർദ്ദം ചെലുത്തുന്നതിനുമായി മുപ്പതോളം മുതിർന്ന കോൺഗ്രസ് എംഎൽഎമാർ ദില്ലിയിലെത്തി. ഹൈക്കമാൻഡിനെ നേരിൽ കണ്ട് ആവശ്യങ്ങൾ ബോധിപ്പിക്കാനാണ് ഇവരുടെ നീക്കം. ഭരണ തലത്തിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് എംഎൽഎമാരുടെ ഈ കൂട്ടായ നീക്കം. അശോക് പത്തൻ, എസ് എൻ നാരായണസ്വാമി, കെ ശദാക്ഷരി, എ ആർ കൃഷ്ണമൂർത്തി, പുട്ടരംഗ ഷെട്ടി, ബേലൂർ ഗോപാൽ കൃഷ്ണ തുടങ്ങിയ എംഎൽഎമാരാണ് ദില്ലിയിൽ എത്തിയത്. സംഘടനാ വിഷയങ്ങളും മന്ത്രിസഭാ പുനഃസംഘടനയും ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ പാർട്ടി ഹൈക്കമാൻഡുമായി പ്രതിനിധി സംഘം ചർച്ച നടത്തുമെന്ന് എംഎൽഎ ടി ബി ജയചന്ദ്ര പറഞ്ഞു.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ, രൺദീപ് സുർജേവാല, മറ്റ് എഐസിസി നേതാക്കൾ എന്നിവരുൾപ്പെടെ മുതിർന്ന പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയാണ് എംഎൽഎമാരുടെ ലക്ഷ്യം. മൂന്നും നാലും തവണ മന്ത്രിസ്ഥാനം ലഭിച്ചവർക്ക് വീണ്ടും അവസരം നൽകുന്നതിന് പകരം, ഇതുവരെ പരിഗണിക്കപ്പെടാത്ത മുതിർന്ന നേതാക്കൾക്ക് അവസരം നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കൂട്ടുത്തരവാദിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് എംഎൽഎ അശോക് പത്തൻ പറഞ്ഞു. രണ്ട് വർഷത്തിന് ശേഷം മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ സൂചന നൽകിയിരുന്നെങ്കിലും മൂന്ന് വർഷത്തോളമായിട്ടും തീരുമാനമായിട്ടില്ലെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
മന്ത്രിസഭയിൽ വലിയ തോതിലുള്ള അഴിച്ചുപണി വേണമെന്നും ഇരുപത്തഞ്ചോളം പുതിയ മന്ത്രി സ്ഥാനങ്ങൾ സൃഷ്ടിക്കണമെന്നുമാണ് വിമത സ്വരമുയർത്തുന്ന എംഎൽഎമാരുടെ ആവശ്യം. തങ്ങളുടെ നീക്കത്തിൽ വിവാദപരമായി ഒന്നുമില്ലെന്നും പാർട്ടി ഹൈക്കമാൻഡിനെ കണ്ട് ആവശ്യങ്ങൾ ബോധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എംഎൽഎമാർ വ്യക്തമാക്കി.
