മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള വാക്ക് പോര് ദസറ ദിവസവും തുടരുകയാണ്. വിജയദശമി ദിവസം നടത്തിയ പ്രസംഗത്തിലാണ് ഉദ്ദവ് താക്കറെ ഗവര്‍ണര്‍ ഭഗത് സിംഗ് കൊഷ്യാരിക്കെതിരെ ആഞ്ഞടിച്ചത്. ഗവര്‍ണറോട്  ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗ്വതിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാനും താക്കറെ ഉപദേശിച്ചു. 

'ക്ഷേത്രങ്ങള്‍ തുറക്കാത്തതിന്റെ പേരില്‍ ഞങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്'' - ഗവര്‍ണറുടെ പേര് പരാമര്‍ശിക്കാതെ താക്കറെ പറഞ്ഞു.'' നിങ്ങള്‍ ഞങ്ങളുടെ ഹിന്ദുത്വയെക്കുറിച്ച് സംസാരിക്കുന്നു. മഹാരാഷ്ട്രയില്‍ നിങ്ങള്‍ ബീഫ് നിരോധിച്ചു. പക്ഷേ ഗോവയില്‍ നിങ്ങള്‍ക്ക് ബീഫ് പ്രശ്‌നമല്ല. ഇതാണോ നിങ്ങളുടെ ഹിന്ദുത്വ? '' താക്കറെ ചോദിച്ചു. 

ബിജെപിക്ക് ഇരട്ടത്താപ്പാണെന്ന് വിമര്‍ശകര്‍ ഉന്നയിക്കുന്ന ആതേ വിഷയത്തില്‍ ഊന്നിയാണ് താക്കറെ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്.  ഗവര്‍ണറെ പിന്തുടരുന്നവര്‍ കറുത്ത തൊപ്പി വയ്ക്കുക എന്നും ബുദ്ധിയുള്ളവര്‍ മോഹന്‍ ഭാഗ്വതിനെ പിന്തുടരുകയെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.