ചെന്നൈ: തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വ്യാപാരികളുടെ മരണകാരണം മൂന്നാംമുറ എന്നാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്കപ്പിലെ ഭിത്തിയിലും ലാത്തിയിലും രക്ത കറ കണ്ടെത്തിയെന്നും ഡിഎന്‍എ പരിശോധനയില്‍ ഇത് വ്യാപാരികളുടേത് എന്ന് തെളിഞ്ഞെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

വ്യാപാരികളുടെ കൈകൾ പുറകിലേക്ക് കെട്ടിയിട്ട് പൊലീസുകാർ കൂട്ടമായി മർദിച്ചുവെന്നും രഹസ്യഭാഗങ്ങളില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നത് അമിത രക്തസ്രാവത്തിന് വഴിവച്ചുവെന്നും സിബിഐ കണ്ടെത്തി. അമിത രക്തസ്രാവം ഉണ്ടായിട്ടും പൊലീസ് മര്‍ദ്ദനം നിര്‍ത്തിയില്ല. ഇൻസ്പെകർ ശ്രീധറിനും കൊലപാതകത്തില്‍ പങ്കെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. മദ്രാസ് ഹൈക്കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നതിന് കസ്റ്റഡിയിലായ തടിവ്യാപാരി ജയരാജനും മകന്‍ ബനിക്സുമാണ് പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ബെനിക്സിന്‍റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതുമണിക്ക് വന്‍ ജനകൂട്ടം ആയിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്സ് ആക്രമിച്ചുവെന്നുമാണ് പൊലീസിന്‍റെ എഫ്ഐആര്‍. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാല്‍, പൊലീസ് വാദം തെറ്റാണെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ബെനിക്സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് ഹൈക്കോടതിയും അറിയിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്‍റെ തെളിവുകളുണ്ടെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. കൊലപാതകത്തിൽ പ്രതിഷേധം ശക്തമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. 10 പൊലീസ് ഉദ്യോഗസ്ഥരെയാണ് കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തത്.