ദില്ലി: എതിര്‍ക്കുന്നവരെ വെടിവച്ച് കൊല്ലാന്‍ ആഹ്വാനവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ തോക്ക് ഉപയോഗിക്കാന്‍ പറയുന്ന മൂന്നാമത്തെ ബിജെപി നേതാവാണ് യോഗി ആദിത്യനാഥ്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി എംഎല്‍എ പവന്‍ വര്‍മ്മ എന്നിവര്‍ക്ക് പിന്നാലെയാണ് യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമര്‍ശം.കന്‍വാര്‍ തീര്‍ത്ഥാടകരുമായി ബന്ധപ്പെടുത്തിയാണ് തോക്ക് പരാമര്‍ശം. 

കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരെ തോക്കുപയോഗിച്ച് നേരിടണമെന്നാണ് യോഗിയുടെ ആഹ്വാനം. ആരുടേയും വിശ്വാസങ്ങളേയും ആഘോഷങ്ങളേയും ഞങ്ങള്‍ എതിര്‍ക്കുന്നില്ല. നിയമം അനുശാസിക്കുന്ന ചട്ടക്കൂടിനുള്ളില്‍ നിന്നാവണം ഇത്തരം ആഘോഷങ്ങള്‍. എന്നാല്‍ ശിവ ഭക്തരെ ആക്രമിക്കാന്‍ ശ്രമിക്കുന്നവരും അവര്‍ പറയുന്നത് കേള്‍ക്കാതെ വരുന്നവരും തീര്‍ച്ചയായും വെടിയുണ്ടകള്‍ക്ക് മറുപടി പറയേണ്ടി വരുമെന്നാണ് യോഗിയുടെ പരാമര്‍ശം. ശ്രാവണ മാസത്തില്‍ ഗംഗായാത്ര നടത്തുന്ന കന്‍വാര്‍ തീര്‍ത്ഥാടകരും നാട്ടുകാരുമായി ദില്ലിയിലും പ്രാന്തപ്രദേശങ്ങളിലും നിരവധി തവണ സംഘര്‍ഷാവസ്ഥയുണ്ടായിട്ടുണ്ട്. 

ഇത്തരം സംഘര്‍ഷം ഒഴിവാക്കാന്‍ ശക്തമായ സുരക്ഷാ നടപടികളാണ് ഇവിടങ്ങളില്‍ സ്വീകരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ കന്‍വാര്‍ തീര്‍ത്ഥാടകരെ പൂക്കള്‍ വിതറി സ്വീകരിച്ച രീതിയെക്കുറിച്ചും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തിങ്കളാഴ്ച ദില്ലിയില്‍ വഞ്ചകരെ വെടിവക്കണമെന്ന അനുരാഗ് ഠാക്കൂറിന്‍റെ പരാമര്‍ശം വന്‍ വിവാദങ്ങളിലേക്ക് വഴി തെളിച്ചിരുന്നു. 

പരാമര്‍ശം വിവാദമായതോടെ അനുരാഗ് ഠാക്കൂറിനെ താരപ്രചാരകനെന്ന നിലയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയിരുന്നു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിലക്കണമെന്ന ആവശ്യവുമായി എഎപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. യോഗി ആദിത്യനാഥിന്‍റെ തുടര്‍ച്ചയായ വിദ്വേഷ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു എഎപിയുടെ ആവശ്യം.