മസ്ജിദ് കാണാനെത്തുന്ന വിവിധ സംസ്ഥാനങ്ങളിലുള്ളവരും പരിസരത്തെ വ്യാപാരികളും എല്ലാവരും ഒരുമിച്ചാണ് നോമ്പുതുറ.

ദില്ലി: ദില്ലിയിലെ ജമാ മസ്ജിദിലെ നോമ്പുതുറ വ്യത്യസ്തമായ കാഴ്ചയാണ്. ഭക്ഷണവുമായി എത്തുന്ന ആയിരങ്ങൾ പരസ്പരം സ്നേഹത്തോടെ പങ്കുവച്ചാണ് ഇവിടെ നോമ്പ് തുറക്കുന്നത്. നൂറ് കണക്കിന് വർഷങ്ങളായി തുടരുന്ന ഈ രീതി മനസ് നിറയ്ക്കുന്ന കാഴ്ച കൂടിയാണ്.

പഴയ ദില്ലിയുടെ ഹൃദയമാണ് ജമാ മസ്ജിദ്. മസ്ജിദ് അധികൃതർ ഇവിടെ പ്രത്യേകം നോമ്പ് തുറ സംഘടിപ്പിക്കാറില്ല. റമദാൻ മാസത്തിലെ വൈകുന്നേരങ്ങളിൽ ഇവിടേക്കെത്തുന്ന ആയിരങ്ങളുടെ കൈയിൽ ഭക്ഷണ പൊതികളുമുണ്ടാകും. വീട്ടിൽനിന്നും പാകം ചെയ്തതും സമീപത്തെ കടകളിൽ നിന്ന് വാങ്ങിയതുമായ പലഹാരങ്ങളും പാനീയങ്ങളും മസ്ജിന്റെ മുറ്റത്ത് നിറയും. പിന്നെ പ്രാർത്ഥനയോടെയുള്ള കാത്തിരിപ്പ്.

പരമ്പരാ​ഗതമായി വെടിപൊട്ടിച്ചാണ് നോമ്പ് തുറക്കാനുള്ള സമയം അറിയിക്കുക. പിന്നെ എല്ലാവരും കൈയിലുള്ളത് പരസ്പരം പങ്കുവച്ച് കഴിക്കും. മസ്ജിദ് കാണാനെത്തുന്ന വിവിധ സംസ്ഥാനങ്ങളിലുള്ളവരും പരിസരത്തെ വ്യാപാരികളും എല്ലാവരും ഒരുമിച്ചാണ് നോമ്പ് തുറ.

പ്രാർത്ഥനയ്ക്ക് ശേഷം നോമ്പ് തുറന്ന് എല്ലാവരും ജമാമസ്ജിദ് പരിസരത്തെ കടകളിലേക്ക്. അവിടെയും കാത്തിരിപ്പുണ്ട് നൂറ് കണക്കിന് വിഭവങ്ങൾ. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മകൾ പുതുക്കിയാണ് ജമാമസ്ജിദിൽ നോമ്പ് തുറന്ന് എല്ലാവരും മടങ്ങുന്നത്.

YouTube video player