മുംബൈ: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ആയിരങ്ങളുടെ റാലി. ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. നാസിക്കില്‍ നിന്ന് കാല്‍നടയായി കര്‍ഷകര്‍ മുംബൈയിലേക്ക് തിരിച്ചു. ഏകദേശം 15000ത്തോളം കര്‍ഷകര്‍ റാലിയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 21 ജില്ലകളിലെ കര്‍ഷകര്‍ 180 കിലോമീറ്റര്‍ നടന്നാണ് മുംബൈയിലെത്തുക. കാര്‍, ജീപ്പ്, ട്രക്കുകള്‍, വാനുകള്‍ എന്നിവയിലാണ് കര്‍ഷകര്‍ സമരത്തിനെത്തിയത്. എന്‍സിപി നേതാവ് ശരദ് പവാര്‍ നാളെ റാലിയില്‍ പങ്കെടുത്തേക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആസാദ് മൈതാനത്താണ് ശരദ് പവാര്‍ പങ്കെടുക്കുക. കോണ്‍ഗ്രസും സമരത്തിന് പിന്തുണ നല്‍കി.

ദില്ലിയിലെ കര്‍ഷക സമരത്തിനും ശരദ് പവാര്‍ പിന്തുണ നല്‍കിയിരുന്നു. ദില്ലിയില്‍ റിപ്പബ്ലിക് ദിനത്തിന്  നടക്കുന്ന ട്രാക്ടര്‍ റാലിക്ക് മുന്നോടിയായിട്ടാണ് മുംബൈയിലും കൂറ്റന്‍ റാലി നടക്കുക. ദില്ലിയിലെ ട്രാക്ടര്‍ റാലിക്ക് പൊലീസ് അനുമതി നല്‍കിയിരുന്നു. ആയിരക്കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ റാലിയില്‍ അണിനിരക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. 2019ലും കേന്ദ്ര സര്‍ക്കാറിനെതിരെ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ അണിനരന്നിരുന്നു. കിലോമീറ്ററുകള്‍ നടന്ന് മുംബൈയിലെത്തിയ കര്‍ഷകര്‍ രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു.