ബിഹാറിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് വോട്ട് ചെയ്തത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. നാല് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ, ഇത് നിയമസഭയിലെ ഭൂരിപക്ഷത്തെ തന്നെ മാറ്റിമറിച്ചേക്കാം. ഈ നീക്കം കോൺഗ്രസ് പാർട്ടിയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

ദില്ലി: ബിഹാറിൽ ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥിക്കായി ക്രോസ് വോട്ട് ചെയ്തത് മൂന്ന് കോൺ​ഗ്രസ് എംഎൽഎമാരെന്ന് റിപ്പോർട്ട്. ബിഹാറിലെ ആറ് കോൺ​ഗ്രസ് എംഎൽഎമാരിൽ മൂന്ന് പേർ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ചു. കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയിൽ നേതാവും വിപ്പും ഇല്ലാത്തതാണ് പാർട്ടിക്ക് തിരിച്ചടിയായത്. കോൺ​ഗ്രസ് എംഎൽഎമാർ രണ്ട് വിഭാ​ഗമാകാനും സാധ്യതയുണ്ടെന്നും പറയുന്നു. നിലവിലെ സാഹചര്യത്തിൽ, ക്രോസ് വോട്ട് ചെയ്ത എംഎൽഎമാർ ഔദ്യോഗികമായി പാർട്ടി മാറിയാൽ, കൂറുമാറ്റ നിരോധന നിയമപ്രകാരം അവരെ അയോഗ്യരാക്കില്ല. മറ്റൊരു കോൺഗ്രസ് എംഎൽഎ കൂടി പാർട്ടി വിടുമെന്നും അഭ്യൂഹമുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഇതോടെ നിയമസഭയിൽ പ്രധാന സഖ്യകക്ഷിയായ ജെഡിയുവിന്റെ പിന്തുണ ഇല്ലാതെയും ബിജെപിക്ക് ഭരിക്കാമെന്ന അവസ്ഥയിലെത്തും. ബിജെപിക്ക് നിലവിൽ 89 എംഎൽഎമാരുണ്ട്. സഖ്യകക്ഷികളിൽ നിന്നുള്ള 28 എംഎൽഎമാരുടെ പിന്തുണയും കൂടിയുണ്ട്. ഇതോടെ അവരുടെ എണ്ണം 117 ആയി ഉയരും. നാല് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നാൽ ജനതാദൾ (യുണൈറ്റഡ്) ഇല്ലാതെ നിയമസഭയിൽ ഭൂരിപക്ഷത്തിന് വെറും അഞ്ച് പേരുടെ കുറവ് മാത്രമേ ഉണ്ടാകൂ. എന്നിരുന്നാലും, ദേശീയ തലത്തിലെ സഖ്യമായതിനാൽ മറ്റ് വ്യത്യാസമൊന്നുമുണ്ടാകില്ല.

മാർച്ച് 16 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പി , നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ‌ഡി‌എ) ബീഹാറിലെ അഞ്ച് സീറ്റുകളും നേടിയിരുന്നു. ബീഹാറിൽ, ഭരണകക്ഷിയായ എൻ‌ഡി‌എയുടെ സ്ഥാനാർത്ഥികളിൽ മുഖ്യമന്ത്രി നിതീഷ് കുമാറും ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിനും ഉൾപ്പെടുന്നു. ക്രോസ് വോട്ടിംഗിനെ തുടർന്ന് ഒഡീഷയിലും രണ്ട് സീറ്റുകൾ നേടി.