തകര്‍ന്ന കെട്ടിടത്തിനടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്

ഐസ്‍വാള്‍: മിസോറാമിലെ ഐസ്‍വാളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണത്. 

തകര്‍ന്ന കെട്ടിടത്തിനടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. യങ് മിസോ അസോസിയേഷന്‍റെ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ലാല്‍നുന്‍ഫെലി(13), സയ്‍നിംഗ്‍ഗ്ലോവി (52), ലാല്‍പെക്സംഗ (8) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.. 

ഡര്‍ട്ട്ലംഗ് കുന്നില്‍ മണ്ണിടിഞ്ഞതാണ് അപകടത്തിന് കാരണം. ഐസ്വാളിന് വടക്കുവശത്താണ് ഡര്‍ട്ട്ലംഗ് കുന്നുകള്‍. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കെട്ടിട സമുച്ചയങ്ങളാണ് തകര്‍ന്നത്. കഴിഞ്ഞ വര്‍ഷമാണ് കെട്ടിടങ്ങള്‍ താമസത്തിനായി പ്രദേശവാസികള്‍ക്ക് നല്‍കിയത്. 18 കുടുംബങ്ങളാണ് നിലവില്‍ ഇവിടെ താസമിക്കുന്നത്.