ഡെറാഡൂണ്‍: പ്രളയദുരിതാശ്വാസത്തിനുള്ള വസ്തുക്കളുമായി പോകുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് വൈദ്യുതി ലൈനില്‍ ഇടിച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ദുരിതബാധിതര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചുനല്‍കിയതിന് ശേഷം മടങ്ങുകയായിരുന്നു കോപ്റ്റര്‍. 

പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്റര്‍ തകരുന്നത് ആദ്യം കണ്ടത്. ശക്തമായ മഴയും മേഘവിസ്ഫോടനവും ഉത്തരാഘണ്ഡില്‍ പ്രളയത്തിന് കാരണമായിരിക്കുകയാണ്. 35 പേരാണ് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. 

ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും മഴ ശക്തമാണ്. 43 പേരാണ് ഹിമാചലില്‍ മണ്ണിടിച്ചിലില്‍ മരിച്ചത്. 2013 ല്‍ ഉണ്ടായ പ്രളയത്തില്‍ ആയിരക്കണക്കിന് പേരാണ് ഉത്തരാഖണ്ഡില്‍ മരിച്ചത്.