ദില്ലി: ദില്ലിയിലെ ഷാലിമാര്‍ ബാഘിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു. സംഭവത്തില്‍ മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. 

മൂന്ന് കുട്ടികളടക്കം ആറ് പേരെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. ടെറസിലെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന പൊലീസ് അബോധാവസ്ഥയിലായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി. 

കാന്ത (75), കിരണ്‍ ശര്‍മ്മ (65), സോമവതി (42) എന്നിവരാണ് മരിച്ചത്. വൈകീട്ട് ആറ് മണിയോടെയാണ് തീ പടര്‍ന്നതായി അഗ്നിശമനസേനയ്ക്ക് വിവരം ലഭിച്ചത്. ആറ് അഗ്നിശമന വാഹനങ്ങളെത്തിയാണ് തീയണച്ചത്. 

അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ബാഗ് ഫാക്ടറിക്ക് തീപ്പിടിച്ച് 43 പേര്‍ മരിക്കാനിടയായ സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് രാജ്യതലസ്ഥാനത്ത് മറ്റൊരു അപകടം ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ 62 പേര്‍ക്ക് പരിക്കേറ്റിരുന്നു.