Asianet News MalayalamAsianet News Malayalam

ജാതിപീഡനം; പായല്‍ തഡ്‍വിയുടെ മരണത്തില്‍ അറസ്റ്റിലായ ഡോക്ടര്‍മാരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

റിസര്‍വേഷന്‍ ക്വാട്ടയിലൂടെ പ്രവേശനം നേടിയതിന് പായലിനെ മൂന്നുപേരും അധിക്ഷേപിച്ചിരുന്നതായ് പായലിന്‍റെ ഭര്‍ത്താവ് സല്‍മാന്‍ പറഞ്ഞു.  

three doctors arrested in connection with payal tadvi death sent to judicial custody
Author
Mumbai, First Published May 31, 2019, 6:10 PM IST

മുംബൈ: ഡോക്ടര്‍ പായല്‍ തഡ്‍വിയുടെ മരണത്തില്‍ കുറ്റാരോപിതരായ മൂന്ന് സീനിയര്‍ ഡോക്ടര്‍മാരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പായലിന്‍റെ സീനിയേര്‍സ് ആയിരുന്ന  ഹേമ അഹൂജ, ഭക്തി മെഹ്റ, അങ്കിത ഖണ്ഡേവാള്‍ എന്നിവരെ  ജൂണ്‍ 10 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ രണ്ടാംവര്‍ഷ ഗൈനക്കോളജി പിജി വിദ്യാര്‍ത്ഥിനിയായ പായല്‍ ജാതിപീഡനത്തില്‍ മനംനൊന്ത് മേയ് 22 നാണ് ജീവനൊടുക്കിയത്. 

എന്നാല്‍ കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. പായലിന്‍റേത് ആത്മഹത്യയല്ല മറിച്ച് കൊലപാതകമാണെന്ന സൂചനയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തരുന്നത്. കൂടാതെ മരണത്തിന് മണിക്കൂറുകള്‍ക്ക്  മുമ്പ് ഓപ്പറേഷന്‍ തിയേറ്ററില്‍ വച്ച് രോഗികളുടെയും മറ്റ് സഹപ്രവര്‍ത്തകരുടെയും മുന്നില്‍ വച്ച് പായല്‍ ക്രൂരമായ അധിക്ഷേപത്തിന് ഇരയാകേണ്ടി വന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.  

2018 മെയ് മാസം ഒന്നാം തിയതിയാണ് പായല്‍ പി ജി പഠനത്തിനായി ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ടോപ്പിവാല നാഷണല്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നത്. 2018 ഡിസംബര്‍ മാസത്തിലാണ് ജാതി അധിക്ഷേപം സഹിക്കാനാകുന്നില്ലെന്ന് പായല്‍ വീട്ടുകാരോട് പരാതി പറഞ്ഞത്. പീഡനം കടുത്തതോടെ പായല്‍ ഹോസ്റ്റര്‍ വാര്‍ഡനോടും അധ്യാപകര്‍ അടക്കമുള്ളവരോടും പരാതി പറഞ്ഞു. തുടര്‍ന്ന് റാഗിംഗ് നടത്തിയിരുന്ന 3 വിദ്യാര്‍ത്ഥികളെയും വിളിച്ചു വരുത്തി അധികൃതര്‍ ശാസിച്ചു. പക്ഷെ റാംഗിംഗിന് കുറവുണ്ടായില്ല. 

റിസര്‍വേഷന്‍ ക്വാട്ടയിലൂടെ പ്രവേശനം നേടിയതിന് പായലിനെ മൂന്നുപേരും അധിക്ഷേപിച്ചിരുന്നതായ് പായലിന്‍റെ ഭര്‍ത്താവ് സല്‍മാന്‍ പറഞ്ഞു.  എന്നാല്‍ പായലും മറ്റൊരു ഡോക്ടര്‍ സ്നേഹല്‍ ഷിന്‍ഡേയും നന്നായിജോലി ചെയ്യാത്തതിനാലാണ് വഴക്ക് പറഞ്ഞതെന്ന് അറസ്റ്റിലായ സീനിയേര്‍സ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios