ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുടെ റഡാർ കൺട്രോൾ സിസ്റ്റത്തിൽ അയഞ്ഞ ബോൾട്ട് ഉണ്ടോ എന്നറിയാൻ പരിശോധനകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎസിന്റെ ഫെഡറേഷൻ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചിരുന്നു.

ദില്ലി: പുതിയതായി നിർമ്മിച്ച ബോയിംഗ് 737 മാക്‌സ് യാത്രാ വിമാനത്തിലെ ബോൾട്ട് അ‌യഞ്ഞിരിക്കുകയാണെന്നും സുരക്ഷാ പരിശോധന നടത്തണമെന്നും ഇന്ത്യൻ വിമാനക്കമ്പനികളോ‌ട് ബോയിങ്ങിന്റെ മുന്നറിയിപ്പ്. തുടർന്ന് ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിമാനക്കമ്പനികളായ ആകാശ, എയർ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് എന്നിവയുമായി ആശയവിനിമയം ന‌ടത്തുകയും ചെയ്തു. 

ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുടെ റഡാർ കൺട്രോൾ സിസ്റ്റത്തിൽ അയഞ്ഞ ബോൾട്ട് ഉണ്ടോ എന്നറിയാൻ പരിശോധനകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎസിന്റെ ഫെഡറേഷൻ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചിരുന്നു. ഒരു വിമാനത്തിൽ കണ്ടെത്തിയ തകരാർ പരിഹരിച്ചതായും ബോയിംഗ് 737 മാക്‌സ് ഫ്ലീറ്റിന്റെ പരിശോധന നടത്താൻ എയർലൈനുകളോട് ആവശ്യപ്പെട്ടതായും വിമാന നിർമ്മാണക്കമ്പനി അറിയിച്ചു. 

തങ്ങളുടെ യുഎസ് ഫെഡറേഷൻ ഏവിയേഷനുമായും ബോയിംഗുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും വിമാന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പതിവ് പ്രക്രിയയുടെ ഭാഗമാണ് നിലവിൽ പരിശോധനകൾ നടത്തുന്നതെന്നും ഡിജിസിഎ അറിയിച്ചു. ഇത് സാധാരണ നടപടി ക്രമമാണെന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോഴെല്ലാം നിർദ്ദേശിച്ച നടപടിക്കായി എയർലൈൻ ഓപ്പറേറ്റർമാർക്ക് ബോയിംഗ് കാലാകാലങ്ങളിൽ നൽകുന്ന നിർദേശമാണെന്നും ബോയിംഗ്, എഫ്എഎ, എയർലൈൻ ഓപ്പറേറ്റർമാർ എന്നിവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുമ്പും 737 മാക്‌സിനെ സംബന്ധിച്ച ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.

പ്രശ്നം ബോയിംഗ് തങ്ങളെ അറിയിച്ചതായി ആകാശ എയർ വക്താവ് പറഞ്ഞു. എല്ലാ ഓപ്പറേറ്റർമാരെയും ഉന്നത സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി, നിർമ്മാതാവോ റെഗുലേറ്ററോ ശുപാർശ ചെയ്യുന്ന എല്ലാ പരിശോധനകളും നടപടിക്രമങ്ങളും പിന്തുടരുന്നുണ്ടെന്നും സർവീസിനെ ഇതുവരെ ബാധിച്ചിട്ടില്ലെന്നും ആകാശ വ്യക്തമാക്കി. ബോയിംഗിന്റെ നിർദേശ പ്രകാരം, എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737-8 വിമാനങ്ങൾ സമയപരിധിക്കുള്ളിൽ പരിശോധിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസും വ്യക്തമാക്കി.

പുതിയ മുന്നറിയിപ്പ് തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു. ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന വിമാനമായ ബോയിംഗ് 737 മാക്‌സ് 2019 ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ 356 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തെത്തുടർന്ന് ലോകമെമ്പാടും വിൽപന നിർത്തിയിരുന്നു. 2021-ന്റെ തുടക്കത്തിൽ വിമാനം വീണ്ടും സർവീസ് ആരംഭിച്ചു.