ആകെയുണ്ടായിരുന്നത് 4 എംഎൽഎമാർ, 3 പേർ ബിജെപി സഖ്യത്തിലേക്ക് കാലുമാറി, മേഘാലയയിൽ കോൺഗ്രസിന് തിരിച്ചടി
നേരത്തെ യുഡിപി, ബിജെപി സഖ്യത്തിൽ ഭരണം പിടിച്ച എൻപിപിക്ക് ഇതോടെ സഭയിൽ സഖ്യമില്ലാതെ തന്നെ ഭൂരിപക്ഷം ഉറപ്പിക്കാനായി
ഷില്ലോംഗ്: മേഘാലയയിൽ മൂന്ന് എംഎൽഎമാരെ കൂടി കോൺഗ്രസിന് നഷ്ടമായി. നിലവിൽ പ്രതിപക്ഷത്തുള്ള കോൺഗ്രസിലെ മൂന്ന് എംഎൽഎമാരാണ് തിങ്കളാഴ്ച നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേർന്നത്. ഇതോടെ നിയമസഭയിൽ കോൺഗ്രസ് എംഎൽഎ ഒരാൾ മാത്രമായി. ഇതോടെ 60 അംഗ നിയമസഭയിൽ നാഷണൽ പീപ്പിൾസ് പാർട്ടി അംഗങ്ങളുടെ എണ്ണം 31ആയി. നേരത്തെ യുഡിപി, ബിജെപി സഖ്യത്തിൽ ഭരണം പിടിച്ച എൻപിപിക്ക് ഇതോടെ സഭയിൽ സഖ്യമില്ലാതെ തന്നെ ഭൂരിപക്ഷം ഉറപ്പിക്കാനായി.
മുൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡോ സെലസ്റ്റിൻ ലിംഗ്ദോ, ഗബ്രിയേൽ വാഹ്ലാംഗ്, ചാൾസ് മാർഗ്നർ എന്നിവരാണ് കോൺഗ്രസിൽ നിന്ന് എൻപിപിയിലേക്ക് എത്തിയത്. എൻപിപിയിൽ ചേരാനുള്ള തീരുമാനം ഇവർ നിയമസഭാ സ്പീക്കറെ അറിയിച്ചതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓഗസ്റ്റ് 16ന് പാർട്ടി വിരുദ്ധ നടപടികൾക്ക് മൂന്ന് പേരെയും കോൺഗ്രസ് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. എൻപിപി പ്രസിഡന്റും മേഘാലയ മുഖ്യമന്ത്രിയുമായ കോണാഡ് കെ സാഗ്മയാണ് ഇവരെ എൻപിപിയിലേക്ക് സ്വീകരിച്ചത്. തിങ്കളാഴ്ച ഷില്ലോംഗിൽ വച്ച് നടന്ന ചടങ്ങിലാണ് കോൺഗ്രസ് എംഎൽഎമാർ എൻപിപിയിൽ ചേർന്നത്.
നിലവിലെ എൻപിപി സഖ്യത്തിൽ യുഡിപിക്ക് 12 എംഎൽഎമാരും എച്ച്എസ്പിഡിപിക്കും ബിജെപിക്കും രണ്ട് എംഎൽഎമാരും വീതമാണുള്ളത്. 1972 ൽ രൂപീകരണ സമയം മുതൽ നിരവധി സീറ്റുകൾ നേടിയ കോൺഗ്രസാണ് നിലവിൽ ഒറ്റ സീറ്റിലേക്ക് ചുരുങ്ങിയിരിക്കുന്നത്. മിലിയം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള റോണി വി ലിഗ്ദോ മാത്രമാണ് മേഘാലയ നിയമസഭയിൽ കോൺഗ്രസിനെ പ്രതിനിധീകരിക്കുന്നത്.
നേരത്തെ തുര ലോക്സഭാ മണ്ഡത്തിൽ കോൺഗ്രസ് എംഎൽഎ സലേംഗ് എ സാംഗ്മ വിജയിച്ചിരുന്നു. എൻപിപി സ്ഥാനാർത്ഥി അഗത കെ സാംഗ്മയെ തോൽപിച്ചായിരുന്നു സലേംഗ് എ സാംഗ്മയുടെ വിജയം. നേരത്തെ തുര സീറ്റ് പരാജയത്തിന് ബിജെപിയുമായുള്ള എൻപിപി സഖ്യത്തിന് ഏറെ പഴികേൾക്കേണ്ടി വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം