ബെംഗളുരു: ചൊവ്വാഴ്ച രാത്രിയോടെ ബെംഗളുരുവില്‍ മൂന്ന് നില കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നുവീണു. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് പൂര്‍ണ്ണമായും നിലംപൊത്തിയത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തില്‍ വിള്ളല്‍ കണ്ടതോടെ കെട്ടിടത്തിനുള്ളിലെ വസ്തുക്കള്‍ സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. 

പഴയ സിനിമാ തിയേറ്റര്‍ മാറ്റി പുതിയ കെട്ടിടം പണി ആരംഭിച്ചത് 2017ലാണ്. ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. അപകടം നടന്നയുടന്‍ സുരക്ഷാ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തുകയും ആളുകള്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാന്‍ പരിശോധന നടത്തുകയും ചെയ്തു. 

യാതൊരു പരിശോധനയും നടത്താതെയാണ് കെട്ടിടം നിര്‍മ്മാണം ആരംഭിച്ചതെന്നും ഒരു സാധാരണ വീടിന്റെ നിര്‍മ്മാണത്തിനുപോലും മണ്ണുപരിശോധന നടത്തണമെന്ന മുന്നറിയിപ്പാണ് ഈ അപകടം നല്‍കുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.