മഴയിൽ നനഞ്ഞുകുതിർന്ന റോഡിൽ അമിതവേഗത്തിൽ വന്ന വാഹനം ബാരിക്കേഡിന് സമീപം വളവ് തിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ച് കയറുകയായിരുന്നു.
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ 3 യുവ ഡോക്ടർമാർക്ക് ദാരുണാന്ത്യം. ഹൗസ് സർജൻമാരായ കോയമ്പത്തൂർ സ്വദേശി സരൂപൻ (23), പുതുക്കോട്ടൈ സ്വദേശി രാഹുൽ സെബാസ്റ്റ്യൻ (23), തിരുപ്പത്തൂർ സ്വദേശി മുകിലൻ (23) എന്നവരാണ് മരിച്ചത്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാരാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിയിലേക്ക് പോകുന്ന വഴി ഇവർ സഞ്ചരിച്ചിരുന്ന ഫോക്സ് വാഗൺ വെന്റോ കാർ ന്യൂ പോർട്ട് ബീച്ച് റോഡിൽ വെച്ചാണ് അപകടത്തിൽപ്പെടുന്നത്.
ഹൗസ് സർജൻമാരായ സരൂപൻ, രാഹുൽ ജെബാസ്റ്റ്യൻ, എന്നിവർ സംഭവ സ്ഥലത്തും മുകിലൻ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്. സരൂപൻ ആണ് വാഹനം ഓടിച്ചിരുന്നത്. മഴയിൽ നനഞ്ഞുകുതിർന്ന റോഡിൽ അമിതവേഗത്തിൽ വന്ന വാഹനം ബാരിക്കേഡിന് സമീപം വളവ് തിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വിവരമറിഞ്ഞ് തൂത്തുക്കുടി സൗത്ത് പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് ഇവരെ വാഹനത്തിനുള്ളിൽ നിന്നും പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ ശരൺ, കൃതിക് കുമാർ എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൂത്തുക്കുടി പൊലീസ് പറഞ്ഞു.


