നേതൃത്വം തന്നെ അവഗണിച്ചെന്ന് രാഘവൻ ജില്ലാ കമ്മിറ്റിക്ക് നൽകിയ കത്തിൽ പറയുന്നു. കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള നേതാവാണ് എം. രാഘവൻ.

കാസർകോട്: കാസർകോട്ടെ സിപിഎം നേതാവ് എം രാഘവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച് രാഘവൻ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി. ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്‌തിയാണ് രാജിക്ക് കാരണമെന്നാണ് സൂചന. നേതൃത്വത്തിന്‍റെ അവഗണനയെക്കുറിച്ച് കത്തിൽ പരാമർശിക്കുന്നതായാണ് വിവരം. ഒക്ടോബർ 15, 16 തീയതികളിൽ നടന്ന കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് രാജിക്കത്ത് കൈമാറിയത്. കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള നേതാവാണ് എം. രാഘവൻ. കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സ്ഥാനവും രാജി വച്ചിട്ടുണ്ട്.

കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തന്നെ എം. രാഘവന്‍റെ പേര് ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോൾ രാഘവനെ പരിഗണിച്ചില്ല. ക്ഷണിതാക്കളായി 6 അംഗങ്ങളെ ഉൾപ്പെടുത്തിയപ്പോൾ തന്നെ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് രാജി. വളരെ ജൂനിയറായ ആളുകളെപ്പോലും ഉൾപ്പെടുത്തിയപ്പോൾ തന്നെ നേതൃത്വം അവഗണിച്ചതിൽ കടുത്ത നിരാശയിലാണ് ഇദ്ദേഹം. ഇതാണ് നേതൃത്വത്തോടുള്ള അതൃപ്‌തിക്ക് പ്രധാന കാരണമായതെന്നാണ് സൂചന. നേതൃത്വം തന്നെ അവഗണിച്ചെന്ന് രാഘവൻ ജില്ലാ കമ്മിറ്റിക്ക് നൽകിയ കത്തിൽ പറയുന്നു.