ശ്രീനഗര്‍: ജൂലൈയില്‍ കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ നടന്ന സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തൊഴിലാളികളെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട്. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നായിരുന്നു കരസേനയുടെ വാദം. കരസേന ഈ ഏറ്റുമുട്ടല്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കുന്നതാണെന്നാണ് ഡിഎന്‍എ റിപ്പോര്‍ട്ടിനേക്കുറിച്ച് പൊലീസ് വ്യക്തമാക്കുന്നത്. 

രജൌരിയില്‍ നിന്നുള്ള തൊഴിലാളികളെ വ്യാജ ഏറ്റുമുട്ടലില്‍ കരസേന കൊന്നതായി ആരോപിച്ച് നേരത്തെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം നടന്നത്. കൊല്ലപ്പെട്ട യുവാക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. കൊല്ലപ്പെട്ടവരെ തീവ്രവാദികളെന്ന് മുദ്രകുത്തി വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് കൂട്ടിക്കൊണ്ടുവന്ന് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് എന്‍ഡി ടി വി സംഭവത്തേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അബ്രാര്‍, ഇംതിയാസ്, ഇബ്രാര്‍ അഹമ്മദ് എന്നിവരാണ് ജൂലൈയില്‍ കൊല്ലപ്പെട്ടത്. ഡിഎന്‍എ പരിശോധനയില്‍ ഇവരുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടവരുടെ ചിത്രം പ്രചരിച്ചതോടെ ജൂലൈ പതിനേഴ് മുതല്‍ കാണാതായവരാണ് ഇവരെന്ന് ബന്ധുക്കള്‍ ആരോപണമുയര്‍ത്തിയിരുന്നു. നേരത്തെ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തെ ആളുകള്‍ക്ക് കൊല്ലപ്പെട്ടവരെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. 

സേനയുടെ പ്രത്യേകാധികാരം സൈനികര്‍ ദുരുപയോഗിച്ചതായും സുപ്രീം കോടതിയുടെ നിര്‍ദ്ദേശം സൈനികര്‍ ലംഘിച്ചതായും കരസേനയുടെ കോടതിയും കണ്ടെത്തിയിരുന്നു. വ്യാജ ഏറ്റുമുട്ടലില്‍ ഭാഗമായ സൈനികര്‍ക്കെതരിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായാണ് വിവരം. പ്രതിഷേധം ശക്തമായതിന് പിന്നാലെ സംഭവത്തില്‍ കരസേനയും പൊലീസും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വെടിവയ്പ് നടന്ന പ്രദേശത്തുള്ളവര്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ പൊലീസ് താമസം വരുത്തിയെന്നും വിമര്‍ശനമുണ്ട്. യുവാക്കളുടെ ബന്ധുക്കളില്‍ നിന്ന് ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് 43 ദിവസത്തിന് ശേഷമാണ് റിസല്‍ട്ട് പുറത്ത് വന്നതെന്നും ഇത് സംഭവം മൂടി വയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് എന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.