ദില്ലി: പശ്ചിമ ബംഗാളിൽ നിന്ന് തൃണമൂൽ എംപിയായത് മുതൽ നുസ്രത്ത് ജഹാൻ റുഹി സോഷ്യൽ മീഡിയയിലും ട്രോളുകളിലും നിറഞ്ഞ് നിൽക്കുകയാണ്. ബിസിനസുകാരനായ നിഖിൽ ജെയ്നുമായുള്ള വിവാഹത്തിന് ശേഷം ചൊവ്വാഴ്ചയാണ് നുസ്രത്ത് സത്യ പ്രതിജ്ഞ ചെയ്തത്. തുടർച്ചയായി പുറത്തിറങ്ങുകയും വാർത്തയാവുകയും ചെയ്യുന്ന ട്രോളുകളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് പറഞ്ഞ നുസ്രത്ത് ട്രോൾ ഉണ്ടാക്കുകയെന്നത് അവരുടെ ജോലിയാണെന്നും തന്‍റെ ജോലി ജനങ്ങളെ സേവിക്കുകയാണെന്നും പറഞ്ഞു. 

ജോലി ഒരു തരത്തിലുള്ള പ്രാർത്ഥന തന്നെയാണെന്നും പാർലമെന്‍റിലെ പ്രായം കുറഞ്ഞ എംപിമാരായ തനിയ്ക്കും മിമി ചക്രബർത്തിക്കും വലിയ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും നുസ്രത്ത് പറഞ്ഞു. അഭിനയം തന്‍റെ തൊഴിലാണെന്നും അത് ഉപേക്ഷിക്കാനാവില്ലെന്നും പറഞ്ഞ നുസ്രത്ത്, രാഷ്ട്രീയത്തെ ഗൗരവമായാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു.

ലോക്സഭയിൽ നേരത്തെ എംപിമാർ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അതേ ദിവസം വിവാഹ ചടങ്ങുകളുണ്ടായിരുന്നതിനാൽ നുസ്രത്തിന് സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. നുസ്രത്ത് ജഹാന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മറ്റൊരു തൃണമൂല്‍ എംപിയായ മിമി ചക്രബര്‍ത്തിക്കും സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ചയാണ് നുസ്രത്ത് ജഹാനൊപ്പം മിമി ചക്രബര്‍ത്തിയും എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.