ദില്ലി: പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നതിന് ബിഎസ്‍പി പണം വാങ്ങുന്നുവെന്ന വെളിപ്പെടുത്തലുമായി ബിഎസ്‍പിയുടെ രാജസ്ഥാനിലെ എംഎല്‍എ രണ്‍വീര്‍ സിംഗ് ഗൂഡ രംഗത്ത്. ബിഎസ്‍പി സീറ്റ് വില്‍ക്കാറുണ്ടെന്നും കൂടുതല്‍ തുക നല്‍കുന്നവര്‍ക്ക് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാമെന്നുമാണ് ബിഎസ്‍പി എംഎല്‍എ രണ്‍വീര്‍ സിംഗ് ഗൂഡയുടെ വെളിപ്പെടുത്തല്‍.

'ഞങ്ങളുടെ പാര്‍ട്ടിയില്‍ പണം നല്‍കിയാല്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കും. കൂടുതല്‍ തുക ആരാണോ നല്‍കുന്നത് അവര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കുമെന്നുമായിരുന്നു ഗൂഡയുടെ പരാമര്‍ശം'. ഇത് ആദ്യമായല്ല ബിഎസ്‍പി നേതാക്കള്‍ തന്നെ പാര്‍ട്ടി ടിക്കറ്റ് വില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തുന്നത്. നേരത്തെ 2016 ല്‍ മുന്‍ബിഎസ്‍പി നേതാവ് സ്വാമി പ്രസാദ് മൗര്യ മായാവതിയുടെ പാര്‍ട്ടി ടിക്കറ്റ് വില്‍ക്കുന്ന ഫാക്ടറിയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.

രാജസ്ഥാനിലെ ആറ് ബിഎസ്പി എംഎല്‍എമാരില്‍ ഒരാളാണ് രണ്‍വീര്‍ സിംഗ് ഗൂഡ.സംസ്ഥാനത്ത് പാര്‍ട്ടി ഭരണകക്ഷിയായ കോണ്‍ഗ്രസിനൊപ്പമാണ്. പരാമര്‍ശം വിവാദമായതോടെ ഗൂഡയ്ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്.