പുല്ല് വെട്ടിക്കൊണ്ടിരുന്ന ആറോളം സ്ത്രീകളുടെ അടുത്തേക്ക് ശിവജി എന്ന കടുവ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. കടുവ സുഗ്ന ദേവിയെ പിടികൂടി മാരകമായി ആക്രമിച്ചു. ഇതിനിടെ പേടിച്ചോടിയ മറ്റ് സ്ത്രീകൾ വേലിയിലും സമീപത്തെ മരങ്ങളിലും കയറിപ്പറ്റിയതായി ദൃക്‌സാക്ഷികൾ പറയുന്നു.

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ശുചീകരണ തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെട്ടു. പാർക്കിലെ 16-ാം നമ്പർ ഏര്യയിലാണ് ദാരുണമായ സംഭവം നടന്നത്. സുഗ്ന ദേവി എന്ന ജീവനക്കാരിയാണ് കടുവയുടെ ആക്രമണത്തിനിരയായി മരണപ്പെട്ടത്. പുല്ല് വെട്ടാനായി പാർക്കിൽ എത്തിയതായിരുന്നു ജീവനക്കാർ. പുല്ല് വെട്ടിക്കൊണ്ടിരുന്ന ആറോളം സ്ത്രീകളുടെ അടുത്തേക്ക് ശിവജി എന്ന കടുവ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. കടുവ സുഗ്ന ദേവിയെ പിടികൂടി മാരകമായി ആക്രമിച്ചു.. ഇതിനിടെ പേടിച്ചോടിയ മറ്റ് സ്ത്രീകൾ വേലിയിലും സമീപത്തെ മരങ്ങളിലും കയറിപ്പറ്റിയതായി ദൃക്‌സാക്ഷികൾ പറയുന്നു.

പുല്ലുവെട്ടാനും ശുചീകരണത്തിനുമായി തൊഴിലാളികൾ പാർക്കിൽ കടുവയെ ഇട്ടിരുന്ന ഭാഗത്ത് എത്തിയതറിയാതെ ഒരു ജീനക്കാരി കടുവ കൂടിന്‍റെ വാതിൽ തുറന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സാധാരണയായി കടുവയുടെ കൂടുകൾ വൃത്തിയാക്കുന്നതിന് മുൻപ് മൃഗങ്ങളെ സുരക്ഷിതമായ ഹോൾഡിംഗ് ഏരിയയിലേക്ക് മാറ്റാറുണ്ട്. എന്നാൽ കേജ് വേണ്ടവിധം പൂട്ടിയിരുന്നില്ലെന്നും, സുരക്ഷാ പ്രോട്ടോക്കോളിലെ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം.

പ്രദേശത്ത് മൊബൈൽ നെറ്റ്‌വർക്ക് കിട്ടാഞ്ഞതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥരെയോ മറ്റ് അധികൃതരേയോ ഉടൻ ബന്ധപ്പെടാൻ സാധിച്ചില്ല. ഒടുവിൽ വിവരം ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി, മയക്കുമരുന്ന് ഉപയോഗിച്ച് കടുവയെ നിയന്ത്രണത്തിലാക്കുകയും സുഗ്ന ദേവിയുടെ മൃതദേഹം വീണ്ടെടുക്കുകയും ചെയ്തു. വേലിയിലും മരങ്ങളിലും കയറി രക്ഷതേടിയ സ്ത്രീകളെ സുരക്ഷിതമായി താഴെയിറക്കി. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ആശിഷ് വ്യാസ്, പോലീസ് ഉദ്യോഗസ്ഥൻ പിയൂഷ്, പ്രാദേശിക എംഎൽഎ പ്രശാന്ത് ശർമ്മ എന്നിവർ ഗ്രാമവാസികളുമായി കൂടിക്കാഴ്ച നടത്തി.

പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസ്സായിരുന്നു സുഗ്ന ദേവി എന്നും, വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പൊള്ളലേറ്റ അവരുടെ ഭർത്താവ് ചികിത്സയിലാണെന്നും അവർ ചൂണ്ടിക്കാട്ടി. വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡിസിഎഫ് ഉറപ്പുനൽകി. മരിച്ച സ്ത്രീയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനും, അവരുടെ മക്കൾക്ക് മൃഗശാലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നൽകുന്നത് പരിഗണിക്കുന്നതിനും സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് വനം വകുപ്പും പൊലീസും എംഎൽഎയും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. ആമേർ പൊലീസ് സംഭവത്തിൽ കേസെടുത്ത് സുരക്ഷാവീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.