അറസ്റ്റിലായ പ്രതികളിലൊരാളാണ് ചോദ്യംചെയ്യലിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ടൈഗർ ഷ്റോഫ് 2022-ൽ സൽമാൻ ഖാനെ പുകഴ്ത്തി സംസാരിച്ചതും അദ്ദേഹവുമായുള്ള അടുത്തബന്ധവുമാണ് ടൈഗർ ഷ്റോഫിനെ ലക്ഷ്യമിടാൻ കാരണമായതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
മുംബൈ: നടൻ ടൈഗർ ഷ്റോഫിനെ ലോറൻസ് ബിഷ്ണോയിയുടെ സംഘം വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ സൽമാൻ ഖാനുമായുള്ള അടുപ്പം തന്നെയെന്ന് വെളിപ്പെടുത്തൽ. അറസ്റ്റിലായ പ്രതികളിലൊരാളാണ് ചോദ്യംചെയ്യലിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ടൈഗർ ഷ്റോഫ് 2022-ൽ സൽമാൻ ഖാനെ പുകഴ്ത്തി സംസാരിച്ചതും അദ്ദേഹവുമായുള്ള അടുത്തബന്ധവുമാണ് ടൈഗർ ഷ്റോഫിനെ ലക്ഷ്യമിടാൻ കാരണമായതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
2022-ൽ ബജ്റങി ഭൈജാൻ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ സൽമാൻ ഖാനെ പുകഴ്ത്തി സംസാരിച്ചതാണ് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഹിറ്റ്ലിസ്റ്റിൽ ടൈഗർ ഷ്റോഫും ഇടംപിടിക്കാൻ കാരണമായത്. സിനിമാരംഗത്തെ ഒരോയൊരു ടൈഗർ സൽമാൻ ഖാൻ ആണെന്നായിരുന്നു ടൈഗർ ഷ്റോഫ് 2022-ൽ നടന്ന പരിപാടിയിൽ പ്രസംഗിച്ചത്. ഇതോടെ സൽമാൻ ഖാനുമായി അടുപ്പമുള്ളവരെ ഭീഷണിപ്പെടുത്തിയിരുന്ന ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ പട്ടികയിൽ ടൈഗർ ഷ്റോഫിന്റെ പേരും ഇടംപിടിച്ചു. തുടർന്നാണ് മുംബൈയിൽ സൽമാൻ ഖാനെ ലക്ഷ്യമിട്ടെത്തിയ അക്രമികൾ ഇത് നടക്കാതായതോടെ ടൈഗർ ഷ്റോഫിന് നേരേ വെടിവെപ്പ് നടത്തിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
1998-ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാൻ ഉൾപ്പെട്ടതിന് പിന്നാലെയാണ് ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിന് നടനുമായുള്ള ശത്രുത ഉടലെടുത്തത്. ബിഷ്ണോയി സമൂഹം പവിത്രമായി കരുതുന്ന മൃഗമാണ് കൃഷ്ണമൃഗം. കൃഷ്ണമൃഗത്തെ സംരക്ഷിക്കാനും ബിഷ്ണോയി സമൂഹം അതിയായ ജാഗ്രത പുലർത്താറുണ്ട്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ടൈഗർ ഷ്റോഫിന് നേരേ വെടിയുതിർത്ത മൂന്നംഗസംഘത്തെ രാജസ്ഥാനിലെ കോട്ടയിൽവെച്ചാണ് പൊലീസ് സംഘം പിടികൂടിയത്. ഇതിനുപിന്നാലെ ഇവർക്ക് ആയുധം എത്തിച്ചുനൽകിയ രണ്ട് സ്ത്രീകളടക്കം കൂടുതൽ പ്രതികളും പിടിയിലായി. അതേസമയം, കേസിൽ ഇതുവരെ ടൈഗർ ഷ്റോഫിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ആരോടും ശത്രുതയില്ലാത്ത തനിക്ക് നേരേ ഇത്തരമൊരു ആക്രമണം നടന്നതിന്റെ ഞെട്ടലിലാണ് നടൻ. സംഭവത്തിന് ശേഷം നടൻ മാനസികമായി തളർന്നിരിക്കുകയാണെന്നും അതിനാലാണ് മൊഴിയെടുക്കൽ വൈകുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.







