പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വിവാദ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളിലെ നിരാശയാണ് കോൺഗ്രസിന്റെ ഈ അധിക്ഷേപത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വിവാദ പരാമർശത്തിൽ കടുത്ത മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ 12 വർഷത്തെ തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾ കാരണം കോൺഗ്രസിനുണ്ടായ കടുത്ത നിരാശയാണ് ഇത്തരമൊരു പരാമർശത്തിന് പിന്നിലെന്ന് അമിത് ഷാ ആരോപിച്ചു. ഖാർഗെയുടെ വാക്കുകൾ എല്ലാവിധ രാഷ്ട്രീയ മര്യാദകളുടെയും ലംഘനമാണെന്നും കോൺഗ്രസിന്റെ ഈ അധിക്ഷേപത്തിന് ജനങ്ങൾ തന്നെ കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോദിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. മുൻപും പ്രധാനമന്ത്രിയുടെ മാതാവിനെ കോൺഗ്രസ് അപമാനിച്ചിട്ടുണ്ട്. കൂടാതെ മോദിയെ 'മരണത്തിന്റെ വ്യാപാരി' എന്നും 'ചായക്കടക്കാരൻ' എന്നും വിളിച്ച് അധിക്ഷേപിച്ചവരാണ് അവർ. മാന്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. ജനങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടാൻ വ്യക്തമായ നയമോ പരിപാടികളോ ഇല്ലാത്തതിനാൽ കേവലം അപവാദപ്രചാരണം മാത്രമാണ് ഇപ്പോൾ കോൺഗ്രസിന്റെ കയ്യിലുള്ളതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.ബിഹാറിലെ പട്നയിൽ ഡോ. ശ്രീ കൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രസംഗിക്കവെയാണ് വലിയ നാടകീയ രംഗങ്ങൾക്ക് ശേഷം ഖാർഗെയുടെ വിവാദ പരാമർശം ഉണ്ടായത്.
പ്രധാനമന്ത്രിക്ക് നുണ പറയുന്ന സ്വഭാവമുണ്ടെന്നും, അധികാരത്തിലെത്തിയാൽ നൂറുദിവസത്തിനുള്ളിൽ വിദേശത്തുള്ള മുഴുവൻ കള്ളപ്പണവും തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ ആ പണം എവിടെയെന്നും ഖാർഗെ ചടങ്ങിൽ ചോദിച്ചു.കേന്ദ്ര സർക്കാരിനെതിരെ ഖാർഗെ സംസാരിക്കുന്നതിനിടെ, പ്രധാനമന്ത്രി മോദി എവിടെയും പോകില്ലെന്ന് സദസ്സിൽ നിന്നൊരാൾ ഉറക്കെ വിളിച്ചുപറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതിന് മറുപടിയായി 'മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരും' എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. ഇതിന് പിന്നാലെ മോദി അനുകൂല നിലപാട് സദസ്സിൽ വിളിച്ചുപറഞ്ഞയാളെ പിന്നീട് സംഘാടകർ ഹാളിൽ നിന്ന് പുറത്താക്കുകയും ചെയ്തു.







