ആദംപൂര്‍: ടിക് ടോക് താരത്തെ  ഇറക്കി കോണ്‍ഗ്രസ് കോട്ട പിടിക്കാന്‍ ബിജെപി. ഹരിയാനയിലെ ആദംപൂര്‍ മണ്ഡലത്തില്‍ ടിക്ടോക് താരവും ടിവി സീരിയല്‍ നടിയുമായ സൊനാലി ഫോഗറ്റിനെയാണ് ബിജെപി  മത്സരിപ്പിക്കുന്നത്. താരത്തെ വെച്ച് കോണ്‍ഗ്രസിന്‍റെ കുത്തകമണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ടിക് ടോക്കില്‍ ഏകദേശം ഒരു ലക്ഷത്തോളം ഫോളോവേഴ്സുള്ള സൊനാലിയുടെ  വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഇത് വോട്ടാക്കിമാറ്റാമെന്ന പ്രതീക്ഷയിലാണ് ബിജെരി നേതാക്കള്‍. മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്‍റെ മകന്‍ കുല്‍ദീപ് ബിഷ്ണോയ് ആണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഹരിയാന-രാജസ്ഥാന്‍ ബോര്‍ഡറിലുള്ള ആദംപൂര്‍ മണ്ഡലത്തില്‍ വര്‍ഷങ്ങളായി ബിഷ്ണോയി കുടുംബമാണ് വിജയിച്ചു വരുന്നത്. 1969 മുതല്‍ എട്ടുതവണയാണ് മുന്‍മുഖ്യമന്ത്രി കൂടിയായ  ഭജന്‍ലാല്‍ ഇവിടെ നിന്നും വിജയിച്ചത്. ഈ സീറ്റ് പിടിക്കാനാണ് ബിജെപി ടിക് ടോക് താരത്തെ ഇറക്കുന്നത്.