ബിജെപി ടിക്കറ്റിൽ മത്സരിച്ച സൊനാലിയെ പിന്തള്ളി ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനും കോൺ​ഗ്രസ് നേതാവുമായ കുൽദീപ് ബിഷ്ണോയാണ് മണ്ഡലത്തിൽ വിജയിച്ചത്. 

ഛത്തിസ്​ഘട്ട്: ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്തെന്നും ആരോപിച്ച് സഹോദരിക്കെതിരെ പൊലീസിൽ പരാതി നൽകി ടിക് ടോക് താരം സൊനാലി ഫോ​ഗട്ട്. സഹോദരിയുടെ ഭർത്താവിനെതിരെയും സൊനാലി പരാതി നൽകിയിട്ടുണ്ട്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥിയാണ് സൊനാലി ഫോ​ഗട്ട്.

ഒക്ടോബർ 28ന് ഹരിയാനയിലെ ഫത്തേബാദിലുള്ള തറവാട്ടിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ടോടെ തറവാട്ടിലെത്തിയ താനുമായി സഹോദരി രുകേഷും ഭർത്താവ് അമാനും തർക്കത്തിലാകുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തതായി സൊനാലി പരാതിയിൽ ആരോപിച്ചു.

സൊനാലിയുടെ പരാതി പ്രകാരം സഹോദരിക്കും ഭർത്താവിനുമെതിരെ കേസെടുത്തതായി ഫത്തേബാദ് എസ്ഐ പറ‍ഞ്ഞു. ഇരുവരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഒക്ടോബർ 21-ന് ഹരിയാനയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആദംപൂർ മണ്ഡലത്തി‌ലാണ് സൊനാലി മത്സരിച്ചത്. ബിജെപി ടിക്കറ്റിൽ മത്സരിച്ച സൊനാലിയെ പിന്തള്ളി ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനും കോൺ​ഗ്രസ് നേതാവുമായ കുൽദീപ് ബിഷ്ണോയാണ് മണ്ഡലത്തിൽ വിജയിച്ചത്. ഒക്ടോബർ 24നായിരുന്നു വോട്ടെണ്ണൽ.

Read More:ടിക് ടോക് താരത്തെ ഇറക്കിയിട്ടും രക്ഷയില്ല; ഹരിയാനയിൽ ബിജെപിക്ക് കനത്ത തിരിച്ചടി

ടിക് ടോകിൽ മാത്രം ഒന്നരലക്ഷത്തിലധികം ഫോളോവേഴ്സുള്ള സൊനാലിയെ ഇറക്കി കോൺ​ഗ്രസ് കോട്ടയായ ആദംപൂർ പിടിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ, നിയമസഭ തെര‍ഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. സ്പീക്കര്‍ കന്‍വാര്‍പല്‍ ഗജ്ജാര്‍, ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യൂ, സുഭാഷ് ബാരല, കൃഷ്ണലാല്‍ തന്‍വാര്‍, ഒ പി ധന്‍കര്‍, ബിജെപി മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ കവിതാ ജെയിന്‍ തുടങ്ങിയ വിജയപ്രതീക്ഷ നിലനിർത്തിയിരുന്ന സ്ഥാനാർത്ഥികളെല്ലാം പിന്നിലായിരുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് സൊനാലി ബിജെപിയിൽ ചേർന്നത്. വൈകാതെ സൊനാലി പാർട്ടിയുടെ വനിതാ സെല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ 12 വര്‍ഷമായി ബിജെപിയിൽ പ്രവർത്തിക്കുന്നതിനാലാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചതെന്നായിരുന്നു സൊനാലിയുടെ വിശദീകരണം.

Read More:'ജയ് വിളിക്കാത്ത യുവാക്കളോട് 'പാക്കിസ്ഥാനികളാണോ' എന്ന് ആക്രോശിച്ച് ബിജെപി സ്ഥാനാര്‍ത്ഥി

തെര‍ഞ്ഞടുപ്പ് റാലിക്കിടെ സൊനാലി നടത്തിയ പരാമർശം വൻവിവാദമായിരുന്നു. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാത്തവര്‍ക്ക് യാതൊരു വിലയുമില്ലെന്നായിരുന്നു സൊനാലിയു‌‍ടെ പരാമർശം. ഹിസാറിലെ പൊതുസമ്മേളനത്തില്‍ വച്ചായിരുന്നു ഒരുകൂട്ടം ആളുകളോട് സൊനാലി ക്ഷോഭിച്ചത്. 'നിങ്ങൾ പാകിസ്താനില്‍ നിന്നുള്ളവരോണോ' എന്ന് ആക്രോശിക്കുന്ന സൊനാലിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

തുടർന്ന് വിഡിയോയ്ക്കെതിതെ പ്രതിഷേധവും വിമർശനങ്ങളും രൂക്ഷമായതോടെ ക്ഷമാപണം നടത്തി സൊനാലി രം​ഗത്തെത്തിയിരുന്നു. ‘ഭാരത് മാതാ കി ജയ്” മുദ്രാവാക്യം മുഴക്കി രാജ്യത്തോട് ആദരവ് കാണിക്കണമെന്ന് യുവാക്കളെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തത്. തന്റെ പ്രവൃത്തി ആരെയെങ്കിലും വിഷമിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും സൊനാലി പറഞ്ഞു.