ടിക് ടോകിൽ മാത്രം ഒന്നരലക്ഷത്തിലധികം ഫോളോവേഴ്സുള്ള സൊനാലിയെ ഇറക്കി കോൺ​ഗ്രസ് കോട്ടയായ ആദംപൂർ പിടിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. 

ഛത്തിസ്​ഘട്ട്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് കോട്ട പിടിക്കാന്‍ ടിക് ടോക് താരം സൊനാലി ഫോ​ഗട്ടിനെ ഇറക്കിയ ബിജെപിക്ക് കനത്ത തിരിച്ചടി. സൊനാലിയെ പിന്തള്ളി ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനും കോൺ​ഗ്രസ് നേതാവുമായ കുൽദീപ് ബിഷ്ണോയി ആദംപൂർ മണ്ഡലത്തിൽ വമ്പിച്ച പ്രകടനം കാഴ്ചവച്ച് മുന്നേറി. പത്തായിരത്തിലധികം വോട്ടിന്റെ ലീഡ് നേടിയാണ് കുൽദീപ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ടിക് ടോകിൽ മാത്രം ഒന്നരലക്ഷത്തിലധികം ഫോളോവേഴ്സുള്ള സൊനാലിയെ ഇറക്കി കോൺ​ഗ്രസ് കോട്ടയായ ആദംപൂർ പിടിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ, നിയമസഭ തെര‍ഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. സ്പീക്കര്‍ കന്‍വാര്‍പല്‍ ഗജ്ജാര്‍, ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യൂ, സുഭാഷ് ബാരല, കൃഷ്ണലാല്‍ തന്‍വാര്‍, ഒ പി ധന്‍കര്‍, ബിജെപി മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ കവിതാ ജെയിന്‍ തുടങ്ങിയ വിജയപ്രതീക്ഷ നിലനിർത്തിയിരുന്ന സ്ഥാനാർത്ഥികളെല്ലാം പിന്നിലായി.

രണ്ട് വര്‍ഷം മുന്‍പാണ് സൊനാലി ബിജെപിയിൽ ചേർന്നത്. വൈകാതെ സൊനാലി പാർട്ടിയുടെ വനിതാ സെല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ 12 വര്‍ഷമായി ബിജെപിയിൽ പ്രവർത്തിക്കുന്നതിനാലാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചതെന്നായിരുന്നു സൊനാലിയുടെ വിശദീകരണം.

Read More:കോണ്‍ഗ്രസ് കോട്ട പിടിക്കാന്‍ ടിക് ടോക് താരത്തെയിറക്കി ബിജെപി

ബിഷ്ണോയി വിഭാ​ഗത്തിൽപ്പെട്ടവർ ഏറെയുള്ള മണ്ഡ‍ലമാണ് ആദംപൂർ‌. ഹരിയാന-രാജസ്ഥാന്‍ ബോര്‍ഡറിലുള്ള ആദംപൂര്‍ മണ്ഡലത്തില്‍ വര്‍ഷങ്ങളായി ബിഷ്ണോയി കുടുംബമാണ് വിജയിച്ചു വരുന്നത്. 1969 മുതല്‍ എട്ടുതവണയാണ് ഭജന്‍ ലാല്‍ ഇവിടെ നിന്ന് വിജയിച്ചത്. ഈ സീറ്റ് പിടിക്കാനായിരുന്നു നടി കൂടിയായ സൊനാലിയെ ബിജെപി ഇറക്കിയത്.

അതേസമയം, തെര‍ഞ്ഞടുപ്പ് റാലിക്കിടെ സൊനാലി നടത്തിയ പരാമർശം വൻവിവാദമായിരുന്നു. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാത്തവര്‍ക്ക് യാതൊരു വിലയുമില്ലെന്നായിരുന്നു സൊനാലിയു‌‍ടെ പരാമർശം. ഹിസാറിലെ പൊതുസമ്മേളനത്തില്‍ വച്ചായിരുന്നു ഒരുകൂട്ടം ആളുകളോട് സൊനാലി ക്ഷോഭിച്ചത്. നിങ്ങൾ പാകിസ്താനില്‍ നിന്നുള്ളവരോണോ എന്ന് ആക്രോശിക്കുന്ന സൊനാലിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

Read More:തന്നെ എന്തുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിയാക്കി ടിക് ടോക് ഗ്ലാമര്‍ താരം സൊനാലി ഫോഗട്ട് പറയുന്നു

തുടർന്ന് വിഡിയോയ്ക്കെതിതെ പ്രതിഷേധവും വിമർശനങ്ങളും രൂക്ഷമായതോടെ ക്ഷമാപണം നടത്തി സൊനാലി രം​ഗത്തെത്തിയിരുന്നു. ‘ഭാരത് മാതാ കി ജയ്” മുദ്രാവാക്യം മുഴക്കി രാജ്യത്തോട് ആദരവ് കാണിക്കണമെന്ന് യുവാക്കളെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തത്. തന്റെ പ്രവൃത്തി ആരെയെങ്കിലും വിഷമിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും സൊനാലി പറഞ്ഞു.


Read More:ഹരിയാനയിൽ അടിപതറി ബിജെപി, എല്ലാ കണ്ണും ദുഷ്യന്ത് ചൗട്ടാലയിലേക്ക്