തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടർന്ന് സാന്ദീപൻ സാഹ, ഋതബ്രത ബാനർജി എന്നീ രണ്ട് എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി കത്തിലെ വ്യാജ ഒപ്പ് വിവാദമാണ് പെട്ടെന്നുള്ള നടപടിക്ക് കാരണമായത്, കൂടാതെ 61 എംഎൽഎമാർ പാർട്ടി യോഗം ബഹിഷ്കരിച്ചത് പാർട്ടിക്കുള്ളിലെ വലിയ പ്രതിസന്ധിക്ക് സൂചന നൽകുന്നു.
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് എന്റലിയിൽ നിന്നുള്ള എം.എൽ.എ സാന്ദീപൻ സാഹ, ഉലുബേരിയ പൂർബയിൽ നിന്നുള്ള എം.എൽ.എ ഋതബ്രത ബാനർജി എന്നിവരെ തൃണമൂൽ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും അടിയന്തരമായി പുറത്താക്കി. പാർട്ടി വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പുവെച്ച കത്തിലൂടെയാണ് ഇരുവരെയും പുറത്താക്കിയ വിവരം അറിയിച്ചത്. ഔദ്യോഗിക നേതൃത്വം വിളിച്ചുചേർത്ത യോഗങ്ങളിൽ ഇരുവരും തുടർച്ചയായി വിട്ടുനിന്നതായും പാർട്ടിയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകളും പ്രവർത്തനങ്ങളും നടത്തിയതായും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പ്രതിപക്ഷ നേതാവായി സോവൻദേബ് ചതോപാധ്യായയെ നാമനിർദ്ദേശം ചെയ്തതുമായി ബന്ധപ്പെട്ട് നിയമസഭയിൽ സമർപ്പിച്ച പാർട്ടി കത്തിലെ 'വ്യാജ ഒപ്പ്' വിവാദമാണ് പെട്ടെന്നുള്ള പുറത്താക്കലിലേക്ക് നയിച്ചത്. തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച കത്തിലെ ഒപ്പുകൾ വ്യാജമാണെന്ന് കാണിച്ച് ഇരുവരും സ്പീക്കർക്ക് പരാതി നൽകിയിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ഈ വിഷയത്തിൽ വാർത്താസമ്മേളനം നടത്തി മിനിറ്റുകൾക്കകമാണ് തൃണമൂൽ കോൺഗ്രസ് എം.എൽ.എമാർക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുത്തത്. പാർട്ടി നേതൃത്വത്തെ മറികടന്ന് സ്പീക്കറെ സമീപിച്ച നടപടി മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രവും ചിഹ്നവും ഉപയോഗിച്ച് വോട്ട് നേടി ജയിച്ചവരിൽ നിന്നുള്ള വഞ്ചനയാണെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം 80 തൃണമൂൽ എം.എൽ.എമാരിൽ 61 പേരും പാർട്ടി യോഗം ബഹിഷ്കരിച്ചത് തൃണമൂൽ ക്യാമ്പിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.


