ശാശ്വതമായ പരിഹാരമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ എല്ലാവരെയും വിശ്വാസത്തിലെടുക്കണം. അല്ലാത്ത പക്ഷം ബില്ലിനെ പിന്തുണക്കാനോ വോട്ടു ചെയ്യാനോ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറാകില്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു.
ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ചീഫ് വിപ്പുമായ സുഖേന്ദു ശേഖര്‍ റായ് രംഗത്ത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പതിറ്റാണ്ടുകളായുള്ള തെറ്റുകളുടെ വിഡ്ഢിത്തം തിരുത്തപ്പെട്ടുവെന്നാണ് സുഖേന്ദു ശേഖര്‍ റായ് പറഞ്ഞത്. രാജ്യസഭയില്‍ ബില്ല് പാസാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു നിലപാട് വ്യക്തമാക്കി അദ്ദേഹത്തിന്‍റെ ട്വീറ്റ്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരെ നിശിത വിമര്‍ശനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയത്. രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയും ബിജെപി ഭരണഘടനക്ക് തുരങ്കം വെക്കുകയാണെന്ന് മുതിര്‍ന്ന നേതാവ് ഡെറിക് ഒബ്രിയാന്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും ബിജെപി നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു. ആരെയും വിശ്വാസത്തിലെടുക്കാതെയുള്ള നീക്കത്തെ പാര്‍ട്ടി പിന്തുണക്കില്ലെന്നായിരുന്നു മമതയുടെ വിശദീകരണം.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും കശ്മീരി ജനതയോടും സംസാരിച്ചതിന് ശേഷമേ ഇത്തരമൊരു ബില്‍ അവതരിപ്പിക്കാന്‍ പാടൂള്ളൂ. ശാശ്വതമായ പരിഹാരമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ എല്ലാവരെയും വിശ്വാസത്തിലെടുക്കണം. അല്ലാത്ത പക്ഷം ബില്ലിനെ പിന്തുണക്കാനോ വോട്ടു ചെയ്യാനോ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറാകില്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു.പാര്‍ട്ടി നേതാവ് മമതാ ബാനര്‍ജി നിലപാട് വ്യക്തമാക്കിയ ശേഷവും തന്‍റെ അഭിപ്രായത്തില്‍നിന്ന് വ്യതിചലിക്കാന്‍ സുഖേന്ദു ശേഖര്‍ റായ് തയ്യാറായില്ല.
