പശ്ചിമ ബംഗാളിൽ ഭരണം നഷ്ടപ്പെട്ട തൃണമൂൽ കോൺഗ്രസിൽ മമത ബാനർജിക്കെതിരെ വിമത നീക്കം ശക്തമാകുന്നു. എംപി കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ 22 എംപിമാർ വിമത പക്ഷത്തുണ്ടെന്ന് അവകാശപ്പെടുന്നു. പാർലമെന്റിന് പുറമെ നിയമസഭയിലും ഭൂരിഭാഗം എംഎൽഎമാരും വിമത പക്ഷത്തേക്ക് മാറിയതോടെ പാർട്ടി പിളർപ്പിന്റെ വക്കിലാണ്.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണം നഷ്ടപ്പെട്ട തൃണമൂൽ കോൺഗ്രസിൽ മമത ബാനർജിക്കെതിരെയുള്ള വിമത നീക്കം ശക്തമാകുന്നു. പാർട്ടിയെ പിളർപ്പിന്റെ വക്കിലെത്തിച്ചിരിക്കുന്ന വിമത ക്യാമ്പിൽ തങ്ങൾക്കൊപ്പമുള്ള എംപിമാരുടെ എണ്ണം വർദ്ധിച്ചതായി വിമത വിഭാഗം അവകാശപ്പെട്ടു. മമത ബാനർജിയുടെ വിശ്വസ്തയായിരുന്ന എംപി കകോലി ഘോഷ് ദസ്തിദാറാണ് ഈ വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. തങ്ങൾക്കൊപ്പമുള്ള എംപിമാരുടെ എണ്ണം മുൻപ് പറഞ്ഞ 20-ൽ നിന്നും ഇപ്പോൾ 22 ആയി ഉയർന്നുവെന്ന് കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിമത ചേരിയെ ഔദ്യോഗികമായി പ്രത്യേക ബ്ലോക്കായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ സ്പീക്കർ വിമതരുമായി കൂടിക്കാഴ്ച നടത്തും. സ്പീക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി നാല് വിമത എംപിമാരായ ശതാബ്ദി റോയ്, മാലാ റോയ്, പ്രസൂൺ ബാനർജി, സയോണി ഘോഷ് എന്നിവർ ഇന്ന് വൈകുന്നേരം ഡൽഹിയിലെ ബിജെപി എംപി ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി. ബിജെപി എംപി നിഷികാന്ത് ദുബെയും ഈ ചർച്ചയിൽ പങ്കെടുത്തു.

തൃണമൂലിന്റെ ആറ് തവണ എംപിയായ സുദീപ് ബന്ദേപാധ്യായ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ദേശീയ തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം തന്റെ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിമതരെ പിന്തുണയ്ക്കുമെന്ന കാര്യം വ്യക്തമാണ്. പാർട്ടിയിലെ ഏറ്റവും പരിചയസമ്പന്നനായ അദ്ദേഹത്തിന്റെ വരവ് വിമതർക്ക് വലിയ രാഷ്ട്രീയ കരുത്താകും. കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ അതൃപ്തിയുള്ള പല വിമത എംപിമാരും സുദീപ് ബന്ദേപാധ്യായയെ തങ്ങളുടെ പ്രധാന നേതാവായി ഉയർത്തിക്കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ട്.

കഴിഞ്ഞ മാസത്തെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയെ സംരക്ഷിക്കാൻ പാടുപെടുന്ന മമത ബാനർജിക്ക് പാർലമെന്റിലെ തർക്കങ്ങൾക്ക് പുറമെ നിയമസഭയിലും കനത്ത തിരിച്ചടിയാണ് നേരിടുന്നത്. പശ്ചിമ ബംഗാളിലെ തൃണമൂലിന്റെ 80 എംഎൽഎമാരിൽ കുറഞ്ഞത് 60 പേരും പാർട്ടി നിലപാടുകൾ അംഗീകരിക്കാൻ വിസമ്മതിച്ച് വിമത വിഭാഗത്തിനൊപ്പം ചേർന്നിട്ടുണ്ട്. ഇതിന് പിന്നാലെ മുതിർന്ന പാർട്ടി നേതാവും മുൻ മന്ത്രിയുമായ 74-കാരനായ മാനസ് ഭൂനിയ പാർട്ടിയിൽ നിന്നും രാജിവെച്ചു. പാർട്ടിയിലെ നിലവിലെ പ്രതിസന്ധിയിൽ താൻ അതൃപ്തനാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.