മോദിയെയും അമിത് ഷായെയും കൊന്നുകളയാന്‍ ആഹ്വാനം ചെയ്ത തമിഴ്നാട് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് എടുത്തു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൊന്നുകളയാന്‍ ആഹ്വാനം ചെയ്ത് പ്രസംഗിച്ച തമിഴ്നാട് കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് തമിഴ്നാട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ പ്രസംഗിച്ചതില്‍ കണ്ണനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

എസ്‍ഡിപിഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുനടത്തിയ പ്രസംഗത്തിലാണ് നെല്ലൈ കണ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്. ന്യൂനപക്ഷവിഭാഗം മോദിയെയും അമിത് ഷായെയും കൊന്നുകളയണമെന്നായിരുന്നു പ്രസംഗത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തത്. 

''പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അവസാനിപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ആരും അത് ചെയ്യുന്നില്ല'' - എന്നായിരുന്നു നെല്ലൈ കണ്ണന്‍ പ്രസംഗത്തില്‍ പറഞ്ഞത്. പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് അമിത് ഷാ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ മോശം പരാമര്‍ശം നടത്തിയതിന് നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ ആവശ്യപ്പെട്ടു. 

''പ്രധാമന്ത്രിയെയും അഭ്യന്തരമന്ത്രിയെയും കൊല്ലാന്‍ കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണന്‍ മുസ്ലീം വിഭാഗത്തോട് ആഹ്വാനം ചെയ്തു. തമിഴ്നാടു ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണം'' -എച്ച് രാജ ട്വീറ്റ് ചെയ്തു. മോശം പരാമര്‍ശം നടത്തുകമാത്രമല്ല കണ്ണന്‍ ചെയ്തത്, പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും രാജ പറഞ്ഞു. 

രാജയുടെ പരാതിയില്‍ തമിഴ്നാട് പൊലീസ് കണ്ണനെതിരെ കേസെടുത്തു. കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാല് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ധര്‍ണ്ണ നടത്തുമെന്നും രാജ വ്യക്തമാക്കി. തിരുനല്‍വേലിയില്‍ കണ്ണനെതിരെ പ്രതിഷേധം നടന്നു. 74 വയസ്സുള്ള കണ്ണനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഒരു സ്വകാര്യ ആശുപത്രി കണ്ണന് ചികിത്സ നിഷേധിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.