Asianet News MalayalamAsianet News Malayalam

നീലഗിരിയില്‍ കടുവകള്‍ ചത്ത സംഭവം, തെളിവെടുപ്പിനായി ദേശീയ കടുവ സംരക്ഷണ അതോറിറ്റി സംഘം ഊട്ടിയില്‍

നീലഗിരി ജില്ലയിലെ കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയ വിവിധ സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു

TN:Tiger death toll rises to 10, National Tiger Commission visits Ooty to investigate
Author
First Published Sep 26, 2023, 2:00 PM IST

കോയമ്പത്തൂര്‍: നീലഗിരി ജില്ലയില്‍ അടുത്തിടെ കടുവകള്‍ ചത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഉദ്യോഗസ്ഥര്‍ നിലീഗിരി ജില്ലയിലെത്തി. മുതുമല കടുവ സങ്കേതം ഉദ്യോഗസ്ഥരുമായും മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരുമായും സംസാരിച്ച സംഘം വിവരങ്ങള്‍ ശേഖരിച്ചു. നീലഗിരി ജില്ലയിലെ കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയ വിവിധ സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു. നാഷല്‍ ടൈഗര്‍ കമീഷന്‍ ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ എന്‍.എസ്. മുരളീ, സെന്‍ട്രല്‍ ഫോറസ്റ്റ് ആനിമല്‍ ക്രൈം പ്രിവെന്‍ഷന്‍ യൂനിറ്റ് സൗത്ത് സോണ്‍ ഡയറക്ടര്‍ കൃപ ശങ്കര്‍, സെന്‍ട്രല്‍ ഫോറസ്റ്റ് ആനിമല്‍ റിസെര്‍ച്ച് സെന്‍റര്‍ സീനിയര്‍ സയന്‍റിസ്റ്റി രമേശ് കൃഷ്ണ മൂര്‍ത്തി തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ഊട്ടിയിലെത്തിയത്.

ചിന്നക്കൂനൂര്‍, എമരാള്‍ഡ് എന്നീ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. തെപ്പക്കാട് ആന ക്യാമ്പിലെ വെറ്ററിനറി സര്‍ജന്‍ രാജേഷ് കുമാറുമായും സംഘം സംസാരിച്ചു. കടുവകളുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത് രാജേഷായിരുന്നു. എമറാള്‍ഡ് മേഖലയിലാണ് ആണ്‍ കടുവയെ വിഷം നല്‍കി കൊന്ന സംഭവമുണ്ടായത്. നാലു കടുവ കുഞ്ഞുങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയ ചിന്ന കൂനൂര്‍ മേഖലയിലും സംഘം സന്ദര്‍ശനം നടത്തി ഉദ്യോഗസ്ഥരില്‍നിന്ന് വിവരം ശേഖരിച്ചു. നീലഗിരി വനം ഡിവിഷനിലും മുതുമല കടുവ സങ്കേത്തിലുമായാണ് ആകെ പത്തു കടുവകള്‍ കഴിഞ്ഞ 35 ദിവസത്തിനിടെ ചത്തത്. ആറു  കടുവ കുഞ്ഞുങ്ങളും നാലു കടുവകളുമാണ് നീലഗിരി ജില്ലയില്‍ ചത്തത്. ഇത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കടുവകള്‍ ചത്തൊടുങ്ങുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം. മുതുമലൈ കടുവ സങ്കേതത്തിന്‍റെ പരിധിയില്‍ വരുന്ന നീലഗിരിയില്‍ കടുവകള്‍ ചത്ത സംഭവങ്ങളില്‍ ഉന്നത തല അന്വേഷണം വേണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ കണക്ക് പ്രകാരം ഈ വര്‍ഷം പലകാരണങ്ങളാല്‍ 145 കടുവകളാണ് രാജ്യത്ത് ചത്തത്. 


ഇതിനിടെ, കഴിഞ്ഞ ഒരാഴ്ചക്കിടെ അമ്മ കടുവ ഉപേക്ഷിച്ചതിനെതുടര്‍ന്ന് ചത്ത നാലു കടുവ കുഞ്ഞുങ്ങളുടെ അമ്മ കടുവയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 200 മീറ്ററിലധികമായി അമ്മ കടുവ സാധാരണായിയ കടുവ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോകാറില്ല. ഇതിനാല്‍ തന്നെ അമ്മ കടുവയും ആക്രമണത്തിനിരയായിട്ടുണ്ടോയെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. ഇക്കഴിഞ്ഞയാഴ്ചയാണ നീലഗിരി ജില്ലയില്‍ അമ്മ കടുവ ഉപേക്ഷിച്ചതിനെതുടര്‍ന്ന് മുലപ്പാല്‍ കിട്ടാതെ നാലു കടുവ കുഞ്ഞുങ്ങള്‍ ചത്ത സംഭവമുണ്ടായത്. നീലഗിരി ജില്ലയില്‍ മുതുമല കടുവ സങ്കേതത്തിന്‍റെ അതിര്‍ത്തി മേഖലയായ ചിന്നക്കൂനൂരിലെ കടനാട് റിസര്‍വ് വനത്തിലാണ് വ്യത്യസ്ത ദിവസങ്ങളിലായി കടുവ കുഞ്ഞുങ്ങളെ ഭക്ഷണം കിട്ടാതെ ചത്ത നിലയില്‍ കണ്ടെത്തിയത്. 45 ദിവസം മാത്രം പ്രായമുള്ള കടുവ കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മ കടുവ മുലയൂട്ടിയിരുന്നില്ലെന്ന് വ്യക്തമായതായി അധികൃതര്‍ പറഞ്ഞു. ഭക്ഷണം ഒന്നും കഴിക്കാത്തതിനാല്‍  നാലു കടുവ കുഞ്ഞുങ്ങളുടെയും വയറൊഴിഞ്ഞ നിലയിലായിരുന്നു.

Follow Us:
Download App:
  • android
  • ios