കാമുകിയ്ക്ക് ഫ്ലാറ്റ് വാടകയ്ക്ക് എടുക്കണം, പണം കണ്ടെത്താൻ മോഷണം, വീട്ടുകാരൻ കണ്ടതോടെ കൊലപാതകം, അറസ്റ്റ്
പ്രണയ ബന്ധം തകരാതിരിക്കാൻ പണം കണ്ടെത്തണം മോഷണത്തിനിടെ വയോധികനെ ക്രൂരമായി കൊന്ന് യുവാവ് ഒടുവിൽ പിടിയിൽ. സിസിടിവി ദൃശ്യങ്ങൾ തെളിവായി
ദില്ലി: കാമുകിയ്ക്ക് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് നൽകാൻ പണം കണ്ടെത്തണം. പോം വഴിയായി യുവാവ് കണ്ടെത്തിയത് തനിച്ച് താമസിക്കുന്ന വയോധികനായ വ്യാപാരിയുടെ വീട്ടിലെ മോഷണം. മോഷണത്തിനിടെ അപ്രതീക്ഷിതമായി 64കാരൻ ഉണർന്നതോടെ കൊലപ്പെടുത്തി യുവാവ്. ദില്ലിയിലെ ആഡംബര മേഖലയിലെ മൂന്ന് നില വസതിയിൽ നടന്ന കൊലപാതകത്തിലാണ് യുവാവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക സ്ഥിരതയില്ലാതെ പ്രണയവുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് പരിചയപ്പെട്ട കാമുകി അന്ത്യശാസനം നൽകിയതോടെയാണ് പണം കണ്ടെത്താനുള്ള എളുപ്പ വഴിയായി മോഷണ പദ്ധതിയിട്ടത്.
അഭയ് സികാർവാർ എന്ന യുവാവാണ് അറസ്റ്റിലായത്. പാചക തൊഴിലാളിയായ യുവാവ് കടത്തിൽ മുങ്ങിയതിന് പിന്നാലെയാണ് മോഷണത്തിന് പദ്ധതിയിട്ടത്. നേരത്തെ ഈ വീട്ടിൽ വീട്ടുജോലിക്ക് നിന്നിരുന്നതിനാൽ വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറാനും യുവാവിന് സാധിച്ചു. അടുക്കളയിലെ കൊതുകുവല അറുത്ത് മാറ്റി ജനൽ തകർത്ത് അകത്ത് കയറിയ യുവാവ് മോഷണം നടത്തുന്നതിനിടയിൽ വയോധികനായ വ്യാപാരി ഉറക്കമുണർന്നതോടെയാണ് കൊലപാതകം നടത്തിയത്. റോഹിത് അലഹ് എന്ന വ്യാപാരിയെയാണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് നിലയുള്ള വീടിന്റെ താഴെ നില 64കാരനായിരുന്നു ഉപയോഗിച്ചിരുന്നത്. രണ്ടാം നില വ്യാപാരിയുടെ വീട്ടുകാരും മൂന്നാം നിലയിൽ വാടകക്കാരുമാണ് തങ്ങിയിരുന്നത്. രാവിലെ പതിവ് സമയം ആയിട്ടും വ്യാപാരി പുറത്തിറങ്ങിയത് കാണാതെ വന്നതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊലപാതകം പുറത്ത് അറിയുന്നത്.
സ്വന്തം വസതിയിൽ കിടപ്പുമുറിയിൽ 64കാരനായ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
കൃത്യമായ പദ്ധതിയോടെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമെന്നാണ് സംഭവത്തേക്കുറിച്ച് ദില്ലി ഡിസിപി അങ്കിത് ചൌഹാൻ വിശദമാക്കുന്നത്. ആഡംബര വീടുകളുള്ള മേഖലയിൽ നിന്നുള്ള 500ലേറെ സിസിടിവി ദൃശ്യങ്ങൾ അരിച്ച് പെറുക്കിയതിൽ നിന്നാണ് കൊലപാതകിയേക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്. നേരത്തെ ഈ വീട്ടിലെ മൂന്നാം നിലയിലുള്ള വാടകക്കാരുടെ വീട്ടുജോലിക്കാരനായ യുവാവ് പ്രണയ ബന്ധം തകരാതിരിക്കാനായി പണം കണ്ടെത്താനാണ് മോഷണം ആസൂത്രണം ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം